SHANE WARNE | ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഷെയ്ന്‍ വാണിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍; മൃതദേഹം കാണപ്പെട്ട മുറിയില്‍ നിന്നും ലൈംഗിക ഉത്തേജക മരുന്ന് കാമാഗ്രയുടെ കുപ്പിയും കണ്ടെത്തി

കാന്‍ബെറ: ഓസ്‌ട്രേലിയന്‍ ബൗളിംഗ് ഇതിഹാസം ഷെയ്ന്‍ വാണിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പൊലീസ് ഉദ്യോഗസ്ഥന്‍. മൃതദേഹം കാണപ്പെട്ട മുറിയില്‍ നിന്നും ലൈംഗിക ഉത്തേജക മരുന്ന് കാമാഗ്രയുടെ കുപ്പിയും കണ്ടെത്തി എന്നാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പേര് വെളിപ്പെടുത്താത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.

2022 മാര്‍ച്ചിലായിരുന്നു 52 കാരനായ ഷെയ്ന്‍ വോണിന്റെ മരണം. തായ്‌ലന്റിലെ കോ സമൂയിയിലെ വില്ലയില്‍ താരത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ വച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നുവെന്നായിരുന്നു അന്ന് വന്ന റിപ്പോര്‍ട്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മെഡിക്കല്‍ സംഘം പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

ലഹരിയും പാര്‍ട്ടിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയ വോണിന്റെ മരണം അന്നും ഇന്നും ദുരൂഹമാണ്. ഇതിനിടെയാണ് ഉത്തേജക മരുന്നിന്റെ വാര്‍ത്തകള്‍ പുറത്തു വരുന്നത്. മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സ്വാഭാവിക ഹൃദയാഘാതമായിരുന്നു മരണം കാരണം എന്നായിരുന്നു നിരീക്ഷണം.

എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വോണിന്റെ മുറിയില്‍ മാരക ഉത്തേജക മരുന്നായ കാമാഗ്ര ഉണ്ടായിരുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ക്രിക്കറ്റ് ഇതിഹാസത്തിന് നാണക്കേട് ഉണ്ടാകാതിരിക്കാന്‍ അത് മുറിയില്‍ നിന്നും മാറ്റിയെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

വോണിന്റെ ശരീരത്തോട് ചേര്‍ന്നായിരുന്നു മരുന്നുണ്ടായിരുന്നത്. ഈ ഉത്തേജക മരുന്ന് ഉപയോഗവും മരണത്തിന് കാരണമായിരിക്കാമെന്ന സംശയം ഉണ്ട്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കുപ്പി അവിടെ നിന്നും മാറ്റി. പൊലീസ് റിപ്പോര്‍ട്ടില്‍ നിന്ന് പോലും കാമാഗ്രയുടെ സാന്നിധ്യം ഒഴിവാക്കി.

ഓസ്‌ട്രേലിയന്‍ അധികാരികളും ഇതൊന്നും പുറത്തു വരുന്നത് ആഗ്രഹിച്ചിരുന്നില്ല. രാജ്യത്തിന്റെ ദേശീയ ഹീറോയുടെ മരണം ഇത്തരത്തില്‍ വിവാദങ്ങളില്‍പെടാന്‍ ഓസ്‌ട്രേലിയയും ആഗ്രഹിച്ചിരുന്നില്ലെന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

ഷെയ്ന്‍ വോണ്‍ മരിച്ച് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. ഡെയ്ലി മെയില്‍ ആണ് പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകള്‍:

'കാമാഗ്ര' എന്നറിയപ്പെടുന്ന മരുന്ന് അന്തരിച്ച ക്രിക്കറ്റ് ഇതിഹാസത്തിന്റെ മൃതദേഹത്തിന് സമീപം കണ്ടെത്തി, പക്ഷേ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കുപ്പി നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി, അതിന്റെ സാന്നിധ്യം പൊലീസ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല.

'ഞങ്ങളുടെ സീനിയേഴ്സ് കുപ്പി കളയാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. മുകളില്‍ നിന്നാണ് ഈ ഉത്തരവുകള്‍ വന്നത്, ഓസ്ട്രേലിയയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു, കാരണം അവരുടെ ദേശീയ നേതാവിന് ഇതുപോലൊരു അന്ത്യം ഉണ്ടാകുന്നത് അവര്‍ ആഗ്രഹിച്ചില്ല.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചുവെന്നും അതിന് കാരണമായേക്കാവുന്ന മറ്റ് വിശദാംശങ്ങളൊന്നുമില്ലെന്നുമുള്ള ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നു. കാമാഗ്ര ഒരു സെന്‍സിറ്റീവ് വിഷയമായി തുടരുന്നതിനാല്‍ ആരും അത് സ്ഥിരീകരിക്കാന്‍ പുറത്തുവരില്ല. ഇതിനെല്ലാം പിന്നില്‍ ശക്തമായ നിരവധി അദൃശ്യ കരങ്ങള്‍ ഉണ്ടായിരുന്നു.

മൃതദേഹം കാണപ്പെട്ട സ്ഥലത്ത് ഛര്‍ദ്ദിയും രക്തവും കൊണ്ട് നിറഞ്ഞിരുന്നു, എന്നാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കാമാഗ്ര നീക്കം ചെയ്തു' എന്നായിരുന്നു റിപ്പോര്‍ട്ട്.

തായ്‌ലന്‍ഡില്‍ ഈ മരുന്ന് നിരോധിച്ചിട്ടുണ്ടെങ്കിലും ഫാര്‍മസികളില്‍ ലഭ്യമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകള്‍ക്ക് ഇത് ഗുരുതരമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. പുകവലിയും മോശം ഭക്ഷണക്രമവും ഉള്‍പ്പെടെയുള്ള ജീവിതശൈലിയാണ് വോണിന്റെ മരണം വേഗത്തിലാക്കിയതെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിലെ ഒരു ഡോക്ടര്‍ സൂചിപ്പിച്ചു. 'ജന്മനാ ഹൃദയ ബലഹീനതയുള്ള' ഒരാള്‍ കാമാഗ്ര കഴിക്കുന്നതും ആരോഗ്യത്തിന് ഭീഷണിയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ 145 മത്സരങ്ങളില്‍ നിന്നായി 708 വിക്കറ്റുകള്‍ നേടിയ വോണ്‍ 194 ഏകദിനങ്ങളില്‍ നിന്ന് 293 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 37 തവണ 5 വിക്കറ്റ് പ്രകടനവും 10 തവണ 10 വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരീശീലകനായിരുന്നു. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 1992 നും 2007 നും ഇടയില്‍ 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോണ്‍ ആകെ 1001 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

Related Articles
Next Story
Share it