യാത്രാക്ലേശത്തിന് പരിഹാരം വേണം; മംഗളൂരു-രാമേശ്വരം ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി മന്ത്രിക്ക് നിവേദനം

കാഞ്ഞങ്ങാട് ബദരിയ മസ്ജിദ് വൈസ് പ്രസിഡണ്ട് മദനി ഹമീദ് ആണ് നിവേദനം നല്‍കിയത്

കാഞ്ഞങ്ങാട്: മംഗളൂരു-രാമേശ്വരം ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി മന്ത്രിക്ക് നിവേദനം. 5 വര്‍ഷം മുമ്പാണ് റെയില്‍വേ മംഗ്ളൂരു- രാമേശ്വരം എക്സ്പ്രസ്സ് ട്രെയിന്‍ 16621-16622 പ്രഖ്യാപിച്ചത്. എന്നാല്‍ പ്രഖ്യാപനം മാത്രമേ നടന്നിട്ടുള്ളൂ. പദ്ധതി യാഥാര്‍ഥ്യമായില്ല. സര്‍വ്വീസ് യാഥാര്‍ഥ്യമാകാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് റെയില്‍വേ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി. അബ്ദുല്‍ റഹിമാന് കാഞ്ഞങ്ങാട് ബദരിയ മസ്ജിദ് വൈസ് പ്രസിഡണ്ട് മദനി ഹമീദ് ആണ് നിവേദനം നല്‍കിയത്.

മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് കേരളം വഴി തമിഴ് നാട്ടിലെ രാമേശ്വരത്ത് യാത്ര അവസാനിപ്പിക്കുന്ന പ്രതിവാര ട്രെയിന്‍ ഉത്തരമലബാറിലെ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഇവരുടെ ആവശ്യം. പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ഏര്‍വാടി, മധുര, പഴനി, വേളാങ്കണ്ണി, രാമേശ്വരം, ധനുഷ് കോടി മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളിലേക്കും നേരിട്ട് എത്തുന്നതിന് നിലവില്‍ ട്രെയിനുകളില്ല. മംഗളൂരു രാമേശ്വരം ട്രെയിന്‍ ഓടി തുടങ്ങുന്നതോടെ തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും ഇന്നനുഭവിക്കുന്ന കടുത്ത യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

Related Articles
Next Story
Share it