മംഗളൂരു: മംഗളൂരു കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ വഴി അനധികൃതമായി ട്രെയിന്‍ ടിക്കറ്റ് വില്‍പ്പന നടത്തുകയായിരുന്ന ട്രാവല്‍ ഏജന്‍സി ഉടമയെ റെയില്‍വെ സുരക്ഷാസേന അറസ്റ്റ് ചെയ്തു. കാര്‍ക്കള ബസ് സ്റ്റാന്റിന് സമീപത്തെ ട്രാവല്‍ ടെച്ച് മാന്‍ പവര്‍ ഏജന്‍സി ഉടമ സ്റ്റീവ് ഓസ്റ്റിനെ(43)യാണ് മംഗളൂരു സെന്‍ട്രല്‍ ആര്.പി.എഫ് ഇന്‍സ്പെക്ടര്‍ മനോജ്കുമാറിന്റെ മേല്‍നോട്ടത്തില്‍ എ.എസ്.ഐ വിനോയ്കുര്യനും സംഘവും അറസ്റ്റ് ചെയ്തത്. വ്യക്തിഗത അക്കൗണ്ടുപയോഗിച്ച് ഐ.ആര്.സി.ടി.സി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് മറിച്ചുവിറ്റുവെന്നാണ് കേസ്. അനധികൃതമായി ബുക്ക് ചെയ്ത 10 ടിക്കറ്റുകള്‍ സുരക്ഷാസേന പിടികൂടി. പുതിയ മൂന്ന് ടിക്കറ്റുകളും ഉപയോഗിച്ച ഏഴ് ടിക്കറ്റുകളുമാണ് കണ്ടെടുത്തത്. അംഗീകൃത ഏജന്‍സികള്‍ക്ക് മാത്രമാണ് ട്രെയിന്‍ ടിക്കറ്റുകള്‍ വില്‍പ്പന നടത്താന്‍ അനുമതിയുള്ളത്. ഇത്തരം ഏജന്‍സികള്‍ നല്കുന്ന ടിക്കറ്റില്‍ ഏജന്‍സിയുടെ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ ചേര്‍ത്താണ് തുക കാണിക്കുന്നത്. ഇതുകാരണം ഇവര്‍ക്ക് കൂടുതല്‍ തുക ഈടാക്കാനാകില്ല. എന്നാല്‍ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ടിക്കറ്റെടുത്ത് വലിയ തുകക്കാണ് ഓസ്റ്റിന്‍ വില്‍പ്പന നടത്തിയതെന്ന് തെളിഞ്ഞു. കോടതിയില്‍ ഹാജരാക്കപ്പെട്ട സ്റ്റീവ് ഓസ്റ്റിന്‍ എട്ടായിരം രൂപ പിഴ ചുമത്തി.