167 കോടി രൂപ കൂടി കിട്ടിയാല്‍ മെഡിക്കല്‍ കോളേജ് പൂര്‍ത്തിയാകും- ജില്ലാ കലക്ടര്‍

കാസര്‍കോട്: എല്ലാറ്റിനും നമുക്ക് മംഗലാപുരവും കണ്ണൂരും ഉണ്ടല്ലോ എന്ന ചിന്ത മാറാതെ കാസര്‍കോട് വികസിക്കുമെന്ന് തോന്നുന്നില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു പറഞ്ഞു. ഉത്തരദേശത്തിന്റെ 'കാസര്‍കോടിന് മുന്നേറണം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ മേഖലയുടെ വികസനത്തിനാണ് ജില്ല പ്രഥമ പരിഗണന നല്‍കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. അത് നിലച്ചിട്ടില്ല. 167 കോടി രൂപ കൂടി കിട്ടുകയാണെങ്കില്‍ പണി വേഗം പൂര്‍ത്തീകരിക്കാന്‍ പറ്റും. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണമാണ് നടക്കുന്നത്. […]

കാസര്‍കോട്: എല്ലാറ്റിനും നമുക്ക് മംഗലാപുരവും കണ്ണൂരും ഉണ്ടല്ലോ എന്ന ചിന്ത മാറാതെ കാസര്‍കോട് വികസിക്കുമെന്ന് തോന്നുന്നില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു പറഞ്ഞു. ഉത്തരദേശത്തിന്റെ 'കാസര്‍കോടിന് മുന്നേറണം' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മേഖലയുടെ വികസനത്തിനാണ് ജില്ല പ്രഥമ പരിഗണന നല്‍കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. അത് നിലച്ചിട്ടില്ല. 167 കോടി രൂപ കൂടി കിട്ടുകയാണെങ്കില്‍ പണി വേഗം പൂര്‍ത്തീകരിക്കാന്‍ പറ്റും. അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ആസ്പത്രി ബ്ലോക്കിന്റെ നിര്‍മ്മാണമാണ് നടക്കുന്നത്. കാസര്‍കോടിന് എന്താണ് ആവശ്യം എന്നറിഞ്ഞുള്ള പ്രവര്‍ത്തനമാണ് വേണ്ടത്. പ്രത്യേകിച്ച് ആരോഗ്യ മേഖലയില്‍ തന്നെ. 40 കിലോമീറ്റര്‍ അപ്പുറത്ത് മംഗലാപുരം ഉണ്ടല്ലോ എന്ന് ചിന്തിച്ചാല്‍ ഇവിടെ വികസനം വരില്ല. ആവശ്യം വരുന്നത് വരെ കാത്തിരിക്കുകയല്ല വേണ്ടത്. എല്ലാം മുന്‍കൂട്ടി കണ്ടുള്ള നീക്കങ്ങള്‍ ഉണ്ടാവണം. വിദ്യാഭ്യാസ മേഖലയിലും കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്-കലക്ടര്‍ പറഞ്ഞു.
ടാറ്റാ ആസ്പത്രിയെ കുറിച്ച് പൊതുവെ ഒരു വിമര്‍ശനമുണ്ട്. എന്തിനുവേണ്ടിയായിരുന്നു ഇത്രയും തുക ചെലവഴിച്ച് ആസ്പത്രി നിര്‍മ്മിച്ചതെന്നാണ് പലരും ചോദിക്കുന്നത്. ആ വിമര്‍ശനം ശരിയല്ല. ടാറ്റാ ആസ്പത്രിയുടെ പ്രവര്‍ത്തനം ശരിയാം വണ്ണം മനസിലാക്കാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. കോവിഡ് രോഗികളുടെ കാര്യത്തില്‍ എ, ബി, സി. കാറ്റഗറികള്‍ ഉണ്ട്. നമ്മുടെ സൗകര്യം അനുസരിച്ച് എ, ബി കാറ്റഗറികളില്‍പ്പെട്ട അത്ര ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമേ കാസര്‍കോട്ട് ഉണ്ടായിരുന്നുള്ളൂ. സി കാറ്റഗറിയില്‍പ്പെടുന്ന കോവിഡ് ഗുരുതരമായി ബാധിച്ച രോഗികളെ മംഗലാപുരത്തേക്കോ കണ്ണൂരിലേക്കോ മാറ്റുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ടാറ്റാ കോവിഡ് ആസ്പത്രി സജ്ജീകരിച്ചതോടെ അവിടെ സി കാറ്റഗറിയില്‍പ്പെട്ട 1500 ഓളം രോഗികളെ ചികിത്സിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു. ആസ്പത്രി നിര്‍മ്മാണത്തിന് 65 കോടി ചെലവഴിച്ചിട്ടുണ്ടല്ലോ എന്നൊക്കെയാണ് പലരുടെയും ആവലാതി. ഇതിനകം തന്നെ 1500 ഓളം പേരുടെ ജീവന്‍ രക്ഷിക്കാനായി എന്നതൊന്നും അവര്‍ ആലോചിക്കുന്നില്ല. ടാറ്റാ ആസ്പത്രിയോട് സര്‍ക്കാര്‍ കാണിച്ച ആത്മാര്‍ത്ഥത കൊണ്ടാണ് കുറേ ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും ഇവിടെ നിയമിച്ചത്-കലക്ടര്‍ പറഞ്ഞു. 30 വര്‍ഷം കേടുകൂടാതെ നിലനില്‍ക്കുന്ന കണ്ടെയ്‌നറുകള്‍ കൊണ്ടാണ് ആസ്പത്രി നിര്‍മ്മിച്ചിട്ടുള്ളത്. സാധാരണ കെട്ടിടങ്ങള്‍ക്ക് 20 വര്‍ഷത്തെ പഴക്കമാണ്. ടാറ്റാ ആസ്പത്രിയില്‍ ജില്ലക്ക് വലിയ തോതില്‍ ഉപകരിക്കുന്ന ശോഭനമായൊരു ഭാവി ഞാന്‍ കാണുന്നുണ്ട്. കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ച കോവിഡ് സെന്ററും ഇത്ര തന്നെ രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ജില്ല അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളില്‍ മറ്റൊന്ന് കുടിവെള്ള ക്ഷാമമാണ്. ഇത് പരിഹരിക്കുന്നതിന് അനവധി പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഫലവും കണ്ടിട്ടുണ്ട്. പല പദ്ധതികളും സമീപ ഭാവിയില്‍ തന്നെ വലിയ തോതില്‍ ജില്ലക്ക് ഉപകരിക്കും. പെരിയ എയര്‍സ്ട്രിപ് ജില്ലക്ക് വലിയ മുതല്‍ക്കൂട്ടാവും. ഇത് എത്രയും പെട്ടെന്ന് തന്നെ യാഥാര്‍ത്ഥ്യമാവും. മംഗലാപുരത്തോ കണ്ണൂരിലോ വിമാനം ഇറങ്ങുന്നവര്‍ക്ക് കാസര്‍കോട്ടെത്താന്‍ വീണ്ടും കുറേ സമയം വേണ്ടിവരുന്നു. എന്നാല്‍ പെരിയയില്‍ എയര്‍സ്ട്രിപ് യാഥാര്‍ത്ഥ്യമാവുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവും. മംഗലാപുരത്തോ കണ്ണൂരിലോ ഇറങ്ങുന്ന വിമാന യാത്രക്കാര്‍ക്ക് അവിടെ നിന്ന് ചെറുവിമാനത്തില്‍ ഏതാനും മിനിറ്റുകള്‍ കൊണ്ട് പെരിയയില്‍ വന്നിറങ്ങാന്‍ പറ്റും. പദ്ധതിക്ക് എത്രയും പെട്ടെന്ന് തന്നെ അനുമതി ലഭിച്ച് ചെറുവിമാനങ്ങള്‍ പറന്നു തുടങ്ങുമെന്നും കലക്ടര്‍ പറഞ്ഞു.

Related Articles
Next Story
Share it