മിഷിഗണ്‍: ഇന്ത്യയിലെ കര്‍ഷകസമരത്തിന് ലോകവ്യാപകമായി പിന്തുണയേറുന്നു. അമേരിക്കയിലെ മിഷിഗണില്‍ സമരത്തിന് ഐക്യദാര്‍ഡ്യവുമായി നിരവധി പേരാണ് ഒത്തുകൂടിയത്. ‘അന്നം തരുന്ന കൈകളില്‍ കടിക്കരുത്, ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം’ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധറാലി സംഘടിപ്പിച്ചത്. മിഷിഗനിലെ സിഖ് വംശജര്‍, മറ്റ് ഇന്ത്യക്കാര്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കാന്റണ്‍ ടൗണ്‍ഷിപ്പിലെ ഹെറിറ്റേജ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ പലരും കുടുംബവുമായാണ് എത്തിയത്.
കാര്‍ഷിക ബില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും വ്യവസായത്തെ നശിപ്പിക്കുകയും ചെയ്യുന്നുമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ‘സര്‍ക്കാര്‍ മനുഷ്യാവകാശങ്ങളെ ആസൂത്രിതമായി അടിച്ചമര്‍ത്തുകയാണ്. നമ്മുടെ പൂര്‍വ്വികര്‍ കാലങ്ങളായി പരിശ്രമിച്ച് വളര്‍ത്തിയെടുത്തതാണ് കൃഷി. എന്നാല്‍ ഇന്ന് അവരുടെ ഭാവി അപകടത്തിലാണ്. സര്‍ക്കാര്‍ അനാവശ്യ നിയമങ്ങള്‍ അവര്‍ക്കെതിരെ ചുമത്തുകയാണ്. സമാധാനപരമായി പ്രതിഷേധിച്ചവരെ കണ്ണീര് വാതകവും ജലപീരങ്കികളും ഉപയോഗിച്ച് ഇന്ത്യന്‍ സര്‍ക്കാര്‍ മര്‍ദ്ദിക്കുകയാണ്. അത് കര്‍ഷകര്‍ക്കുള്ള ബില്ലാണെങ്കില്‍ അവര്‍ കര്‍ഷകരുമായി ആത്മാര്‍ഥമായി സംസാരിക്കണം, തങ്ങള്‍ക്ക് നല്ലത് എന്താണെന്ന് കര്‍ഷകര്‍ക്ക് നന്നായി അറിയാം. മോദിയും നേതാക്കളും കര്‍ഷകരുടെ ആശങ്കകള്‍ തള്ളിക്കളയുകയാണ്. അവരെ ‘വഴിതെറ്റിയവര്‍’ എന്നും ‘ദേശവിരുദ്ധര്‍’ എന്നും വിളിക്കുന്നത് അംഗീകരിക്കാനാവില്ല, പ്രതിഷേധക്കാര്‍ പറഞ്ഞു.
കര്‍ഷക സമരത്തിന് പിന്തുണയുമായി കാനഡ, യു.കെ, ആസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ വന്‍ പ്രതിഷേധം കഴിഞ്ഞദിവസങ്ങളില്‍ സംഘടിപ്പിച്ചിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രിയും യുഎന്‍ വക്താവും സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തില്‍ സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു യുഎന്‍ വക്താവിന്റെ പ്രതികരണം.
Hundreds rally in Canton Township in support of Indian farmers