ഉഡുപ്പി: ഉഡുപ്പി കാര്‍ക്കളയില്‍ മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദു ജാഗരണവേദികെ പ്രവര്‍ത്തകര്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി. കാര്‍ക്കള കുക്കുണ്ടൂര്‍ നക്രേയിലെ പ്രാര്‍ഥനാ കേന്ദ്രത്തിലേക്കാണ് അതിക്രമിച്ചു കയറിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ക്രിസ്ത്യന്‍ പ്രാര്‍ഥനാ കേന്ദ്രത്തിലേക്ക് ഹിന്ദു കുടുംബങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും എത്തിക്കുന്നുവെന്നും മത പരിവര്‍ത്തനമാണ് ലക്ഷ്യമെന്നും ഹിന്ദുജാഗരണ വേദികെ നേതാവ് പ്രകാഷ്കുക്കെ ഹള്ളി ആരോപിച്ചു. പ്രാര്‍ഥനാ കേന്ദ്രത്തിന് യാതൊരു അംഗീകാരവുമില്ലെന്നും ബെനഡിക്റ്റ് എന്ന വ്യക്തിയാണ് ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നതെന്നും ഹിന്ദു ജാഗരണ വേദികെ ആരോപിച്ചു. പ്രവര്‍ത്തകരും പ്രാര്ഥനാകേന്ദ്രത്തിലുണ്ടായിരുന്ന വിശ്വാസികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പൊലീസ് ഇടപെട്ടതിനാല്‍ കൂടുതല്‍ അനിഷ്ടസംഭവങ്ങളുണ്ടായില്ല. നിരവധി വര്‍ഷങ്ങളായി ജില്ലയില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പരിവര്‍ത്തനം ചെയ്തെന്നും പ്രകാശ് കുക്കെ ഹള്ളി ആരോപിച്ചു.