ബംഗളൂരു: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിനെ ചൊല്ലി രണ്ടുവിഭാഗങ്ങള്‍ തമ്മിലുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് ശിവമോഗ-ബാഗല്‍കോട്ട് ജില്ലകളില്‍ സംഘര്‍ഷം വ്യാപിക്കുന്നു. രണ്ട് ജില്ലകളിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലായി 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശിവമോഗ ജില്ലയിലെ കര്‍ഫ്യൂ ഉത്തരവുകള്‍ അവഗണിച്ച്, ബുധനാഴ്ച രാവിലെ എന്എസ്യുഐ അംഗങ്ങള്‍ ഫസ്റ്റ് ഗ്രേഡ് ഡിഗ്രി കോളേജിലും പിജി ഗവേഷണ കേന്ദ്രത്തിലും പ്രവേശിച്ചു. രാവിലെ അവര്‍ കാവി പതാക ഇറക്കി ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി. പൊലീസ് സ്ഥലത്തെത്തി സമരക്കാരെ പിരിച്ചുവിട്ടു. തുടര്‍ന്ന് പൊലീസ് രണ്ട് പതാകകളും സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് ശിവമോഗ കോളേജിലെ ആളൊഴിഞ്ഞ കൊടിമരത്തില്‍ കാവിപതാക ഉയര്‍ത്തിയത്. അതിനിടെ സംഘപരിവാര്‍ സംഘടനകള്‍ ബാഗല്‍കോട്ട് ജില്ലയിലെ ബനഹട്ടി ടൗണില്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യുന്നതിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മുതിര്‍ന്ന മന്ത്രിസഭാ സഹപ്രവര്‍ത്തകരില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. ഹിജാബിന്റെ പേരില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ബുധനാഴ്ച രാവിലെ ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ പ്രഭുലിംഗ് നവാഡയുമായി സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്തു. കര്‍ണാടകയിലെ അഞ്ച് ജില്ലകളിലെ 7 കോളേജുകളില്‍ ഹിജാബിന്റെ പേരില്‍ സംഘര്‍ഷവും അക്രമങ്ങളും നടന്നുവെന്ന് ആഭ്യന്തരവകുപ്പ് പറയുന്നു. കര്‍ണാടകയിലെ 19 ജില്ലകളിലെ 55 കോളേജുകളിലാണ് പ്രതിഷേധം അരങ്ങേറിയത്.