തിരുവനന്തപുരം: കനത്ത മഴക്ക് ശമനം വന്നിട്ടുണ്ടെങ്കിലും ഭീതി ഒഴിയുന്നില്ല. സംസ്ഥാനത്ത് പത്ത് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട്. കക്കി ആനത്തോട് അണക്കെട്ടുകളും കേരള ഷോളയാര്‍ ഡാം ഷട്ടറുകളും തുറന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 27 ആയി. കൊക്കയാറില്‍ ഒലിച്ചു പോയ മൂന്നുവയസുകാരന് സച്ചുവിന്റെ മൃതദേഹം കണ്ടെത്തി. ആര്സിയക്കായി തിരച്ചില്‍ തുടരുന്നു. മഴക്കെടുതിയും സംസ്ഥാനത്തെ ഡാമുകളുടെ അവസ്ഥയും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തിരുവനന്തപുരത്ത് നടക്കുന്നു.
ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.90 അടിയായി. ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. നിലവില്‍ അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ടാണ്. കേന്ദ്ര ജല കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് 2397.85 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2398.85 അടിയിലെത്തിയാലാണ് ഡാം തുറക്കുക. അതേസമയം, മുല്ലപ്പെരിയാര്‍ ജലനിരപ്പ് 133 അടിയിലെത്തി. പത്തനംതിട്ടയില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്കി. കക്കി ആനത്തോട് അണക്കെട്ട് ഇന്ന് തുറക്കും. അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി 100 മുതല്‍ 200 മാക്സ് വെള്ളം വരെ തുറന്ന് വിടാനാണ് തീരുമാനം. അതിനിടെ സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതെയന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകും. 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. പരക്കെ മഴ പെയ്യുമെങ്കിലും മഴ മുന്നറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല.