എന്താണ് ചെങ്കണ്ണ്; രോഗലക്ഷണങ്ങളും പരിഹാരങ്ങളും അറിയാം

കണ്ണ് ദീനം എന്നറിയപ്പെടുന്ന രോഗാണുബാധയാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാം. കണ്ണിന്റെയും കണ്‍പോളകളുടെയും മുന്‍ ഉപരിതലത്തില്‍ ഉണ്ടാകുന്ന അണുബാധയാണ് ഇത്. സാധാരണഗതിയില്‍ വേനല്‍ക്കാലത്തും ശൈത്യകാലത്തും കാണപ്പെടുന്ന ഒരുതരം പകര്‍ച്ചവ്യാധിയും കൂടിയാണ് ചെങ്കണ്ണ്. എന്നാല്‍ 'മദ്രാസ് ഐ' എന്നും 'റെഡ് ഐ' എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് മുമ്പ് ചൂടുകാലത്താണ് കണ്ടുവന്നിരുന്നതെങ്കില്‍ ഇന്ന് ഏതു കാലത്തും ആളുകളില്‍ കണ്ടുവരുന്നു.

വളരെ വേഗം പടര്‍ന്നുപിടിക്കുന്ന ഒരു അസുഖമാണിത്. വീട്ടില്‍ ഒരാള്‍ക്ക് അസുഖം പിടിപെട്ടാല്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ എല്ലാവര്‍ക്കും വന്നിരിക്കും. രണ്ടോ മൂന്നോ ദിവസം കൊണ്ട് മാറുന്ന നിരുപദ്രവകാരിയായിരുന്നു നേരത്തെ ചെങ്കണ്ണ്. എന്നാലിപ്പോള്‍ രോഗം ഭേദപ്പെടുന്നതിന് സമയമെടുക്കുകയും രോഗതീവ്രത കൂടുകയും ചെയ്യുന്നു.

നിസാരമെന്ന് കരുതി അവഗണിച്ചാല്‍ ചെങ്കണ്ണ് രൂക്ഷമാകാനും കണ്ണിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചെങ്കണ്ണ് ഉണ്ടാകുമ്പോള്‍, സ്വയം ചികിത്സ ചെയ്യാതെ, ഒരു നേത്രരോഗവിദഗ്ദ്ധന്റെ സേവനം തേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നമ്മുടെ നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചെങ്കണ്ണിനുള്ള ചികിത്സ ലഭ്യമാണ്.

രോഗ ലക്ഷണങ്ങള്‍

ചുവപ്പ് കലര്‍ന്ന കണ്ണ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം, പ്രകാശം അടിക്കുമ്പോള്‍ അസ്വസ്ഥത, തലവേദന, ചിലര്‍ക്ക് പനിയും ഉണ്ടാകാം.

രോഗംബാധിച്ചാല്‍ എന്ത് ചെയ്യണം?

1. ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരേയും നീണ്ടുനില്‍ക്കാം

2. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം ചികിത്സ തേടണം

3. രോഗമുള്ള കുട്ടികളെ സ്‌കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക.

4. ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

5. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാന്‍ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താന്‍ സാധ്യതയുണ്ട്

6. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ പാടില്ല.

7. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്.

8. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

9. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്.

10. ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.

Related Articles
Next Story
Share it