കാല്‍ പാദങ്ങളിലെ വിണ്ടുകീറല്‍ പ്രശ്നമാക്കേണ്ട; പരിഹാരമുണ്ട്

കാല്‍ പാദങ്ങളിലെ വിണ്ടുകീറല്‍ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. പലര്‍ക്കും തണുപ്പ് കാലങ്ങളിലാണ് ഇത്തരം പ്രശ്നം കണ്ടുവരുന്നത്. എന്നാല്‍ ചിലര്‍ക്ക് പതിവായി ഈ പ്രശ്നം കാണാറുണ്ട്.
കാലുകളിലെ ചര്‍മ്മത്തിലെ ഈര്‍പ്പം മുഴുവനായി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇതിന് കാരണമാകുന്നത്. കാലുകളില്‍ നല്‍കുന്ന അമിത സമ്മര്‍ദ്ദവും ഇതിന് കാരണമാകുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് പലപ്പോഴും കാലില്‍ വിള്ളലുണ്ടാവും. എന്നാല്‍ ഒരിക്കലും ഇത് അവഗണിക്കരുത്. പാദത്തിന്റെ അരികുകളിലുള്ള ചര്‍മ്മത്തിന് കട്ടി കൂടുമ്പോള്‍ ആണ് പാദം വിണ്ടു കീറുന്നത്.
വിണ്ടു കീറലിനെ പ്രതിരോധിക്കാന്‍ പല വിധത്തിലുള്ള ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കാലില്‍ ഉണ്ടാക്കുന്നു. പാദങ്ങളില്‍ എപ്പോഴും എണ്ണമയം ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികള്‍ ഉണ്ട്.
പാദങ്ങളുടെ ഭംഗിക്ക് ആദ്യം വേണ്ടത് വ്യക്തി ശുചിത്വമാണ്. അതിനാല്‍ കാലുകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പാദങ്ങള്‍ വിണ്ടു കീറുന്നത് തടയാന്‍ വീട്ടില്‍ തന്നെ പരീക്ഷിക്കാം ചില പൊടിക്കൈകള്‍. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. നാരങ്ങാ നീര്
കാല് വിണ്ടു കീറുന്നത് തടയാന്‍ നല്ലൊരു പോംവഴിയാണ് നാരങ്ങാ നീര്. ഒരു ടീസ്പൂണ്‍ വാസലിന്‍, രണ്ടോ മൂന്നോ തുള്ളി നാരങ്ങാനീരുമായി യോജിപ്പിച്ച് പാദങ്ങളില്‍ പുരട്ടി മസാജ് ചെയ്യുക. 20 മിനുട്ട് നേരം വയ്ക്കുക. ആഴ്ചയില്‍ മൂന്നോ നാലോ തവണ ഇത്തരത്തില്‍ ചെയ്താല്‍ ഫലമുണ്ടാകും.
2. വെജിറ്റബിള്‍ ഓയില്‍
പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ വെജിറ്റബിള്‍ ഓയില്‍ നല്ലതാണ്. കാലുകള്‍ കഴുകിയുണക്കിയ ശേഷം വെജിറ്റബിള്‍ ഓയില്‍ പുരട്ടുക. നന്നായി തേച്ചതിന് ശേഷം കട്ടിയുള്ള സോക്‌സ് ധരിക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ തുടരുക. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കുന്നു.
3. വെളിച്ചെണ്ണ
എല്ലാ ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കാല് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്. രാത്രി സമയങ്ങളില്‍ മസാജ് ചെയ്യുക. രാവിലെ വെളിച്ചെണ്ണ കഴുകി കളയാം.
4. വാഴപ്പഴം
വാഴപ്പഴം പള്‍പ്പ് രൂപത്തിലാക്കി കാലിലെ വിണ്ടുകീറിയ ഭാഗത്ത് തേക്കുക. പത്ത് മിനുട്ട് കഴിഞ്ഞ് കഴുകി വൃത്തിയാക്കുക. ദിവസവും ഇങ്ങനെ ചെയ്യുക. പാദം വിണ്ടു കീറുന്നത് തടയുന്നു.
5. എള്ളെണ്ണ
രാത്രി കിടക്കാന്‍ പോകുന്നതിന് മുമ്പ് എള്ളെണ്ണ ഉപയോഗിച്ച് പാദം മസാജ് ചെയ്യുക. ഇത് ഒരു മികച്ച മാര്‍ഗ്ഗമായാണ് കണക്കാക്കുന്നത്. പെട്ടെന്ന് തന്നെ എള്ളെണ്ണ പാദത്തിലെ വിള്ളല്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
6. തേന്‍
പാദങ്ങള്‍ മോയ്ചറൈസ് ചെയ്യാന്‍ ഉത്തമമായതും, ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ അടങ്ങിയതുമാണ് തേന്‍. ഒരു കപ്പ് തേന്‍ അര ബക്കറ്റ് ചൂടുവെള്ളവുമായി കലര്‍ത്തുക. 15-20 മിനുട്ട് സമയം പാദം ഇതില്‍ വെയ്ക്കുക. പാദങ്ങള്‍ പതിയെ ഉരയ്ക്കുക. വിണ്ടുകീറല്‍ പമ്പ കടക്കും
7. ഉപ്പ്
പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ ഏറ്റവും മികച്ചതാണ് ഉപ്പ്. ഇതിനായി ഇളംചൂടുള്ള വെള്ളത്തിലേക്ക് കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കാം. 20 മിനിറ്റ് വരെ ഇത് തുടര്‍ന്നാല്‍ പാദസംരക്ഷണത്തിന് നല്ലതാണ്.
8. മഞ്ഞളും തുളസിയും
മഞ്ഞളില്‍ കുര്‍ക്കുമിന്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പാദങ്ങള്‍ കൂടുതല്‍ ലോലമാക്കാന്‍ സഹായിക്കും. മഞ്ഞളും തുളസിയും കര്‍പ്പൂരവും തുല്യ അളവിലെടുത്ത് അതില്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് ഉപ്പൂറ്റിയില്‍ തേക്കുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് ചെയ്യുന്നത് നല്ലതാണ്.