സ്തനാര്‍ബുദം:പ്രാരംഭ ലക്ഷണങ്ങള്‍, സ്വയം പരിശോധന എങ്ങനെ?

സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഏറ്റവും വ്യാപകമായ ക്യാന്‍സറാണ് സ്തനാര്‍ബുദം. പല കാരണങ്ങള്‍ കൊണ്ടും സ്തനാര്‍ബുദം ഉണ്ടാകാം. ലോകത്താകെയുള്ള കണക്കുകള്‍ പ്രകാരം 16 ശതമാനത്തിലധികം സ്ത്രീകള്‍ സ്തനാര്‍ബുദ ബാധിതരാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തല്‍. ഭക്ഷണരീതികളാണ് ഒരു പരിധിവരെ ഈ രോഗത്തിന് കാരണമാകുന്നതെന്നാണ് കണ്ടെത്തല്‍.
ഫാസ്റ്റ് ഫുഡ് സംസ്‌കാരം, വ്യായാം ഇല്ലായ്മ, കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിലുള്ള അനാസ്ഥ, പാരമ്പര്യ ജീനുകള്‍, അമിത വണ്ണം, കോസ്മെറ്റിക് ബ്രെസ്റ്റ് ഇംപ്ലാന്റ് എന്നിവ രോഗത്തിന്റെ വ്യാപനത്തിന് കാരണമായതായി കരുതപ്പെടുന്നു. വൈകി വിവാഹം കഴിക്കുകയും, കുട്ടികളുണ്ടാവുകയും ചെയ്യുമ്പോള്‍ സ്തനങ്ങളില്‍ അടിഞ്ഞുകൂടുന്ന ഹോര്‍മോണുകളുടെ കേന്ദ്രീകൃത രീതി കാന്‍സറിന്റെ സാധ്യതകളിലേക്ക് വഴി തുറക്കുന്നു. മുലയൂട്ടാത്ത അമ്മമാരിലും രോഗം വരാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ലക്ഷണങ്ങള്‍
1. സ്തനങ്ങളുടെ വലുപ്പം വ്യത്യാസപ്പെടുക
പ്രത്യേകിച്ച് ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുന്നത് ചിലപ്പോള്‍ സ്തനാര്‍ബുദ്ദത്തിന്റെ ലക്ഷണമാകാം.
2. സ്തനങ്ങളില്‍ മുഴ, സ്തനങ്ങളിലെ ചര്‍മ്മത്തിന് ചുവപ്പ് നിറം വരുക, ഞരമ്പുകള്‍ തെളിഞ്ഞു കാണുകയും, സ്തന ചര്‍മ്മത്തിന് മാറ്റമുണ്ടാവുകയും ചെയ്യുന്നതും സ്തനാര്‍ബുദവുമായി ബന്ധപ്പെട്ടിരിക്കുന്നു.
3. മുലക്കണ്ണിന് ചുറ്റുമുള്ള ചര്‍മ്മങ്ങള്‍ ഇളകിപ്പോകുക, മുലക്കണ്ണില്‍ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന എന്നിവയും രോഗത്തിന്റെ ലക്ഷണഹ്ങളാണ്.
4. സ്തനങ്ങളിലെ ചര്‍മ്മം കട്ടിയായി വരിക, സ്തനങ്ങളിലെ ചര്‍മ്മത്തില്‍ ചെറിയ കുഴികള്‍ പോലെ കാണപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
സ്വയം പരിശോധന എങ്ങനെ?
കണ്ണാടിക്ക് മുമ്പില്‍ നിന്നുകൊണ്ട് ഇരു മാറുകളും പരിശോധിക്കാം. ആദ്യം ഇടത് കൈവിരലുകള്‍ കൊണ്ട് വലത്തേ സ്തനത്തിലും അതിന് ചുറ്റിനും മൃദുവായി അമര്‍ത്തി വൃത്താകൃതിയില്‍ ചലിപ്പിച്ചുകൊണ്ട് പരിശോധിക്കുക. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്ന് പരിശോധിക്കാം.
ശേഷം വലതു കൈവിരലുകള്‍ കൊണ്ട് ഇടത് സ്തനവും പരിശോധിക്കുക. മാറിടത്തിന്റെ ആകൃതി, വലിപ്പം എന്നിവയില്‍ എന്തെങ്കിലും വ്യത്യാസമോ, അസാധാരണത്വമോ ഉണ്ടോ എന്ന് പരിശോധിക്കുക. ഒപ്പം തന്നെ സ്തനങ്ങളില്‍ പാടുകള്‍, മുലഞെട്ടുകള്‍ ഒരുപോലെയാണോ, ഉള്ളിലേക്ക് വലിഞ്ഞിട്ടുണ്ടോ എന്നതെല്ലാം പരിശോധിക്കുക.
പലപ്പോഴും രോഗനിര്‍ണയത്തിലെ കാലതാമസം പ്രശ്നം സങ്കീര്‍ണമാക്കുന്നു. പ്രായമായ സ്ത്രീകള്‍ക്കാണ് സ്തനാര്‍ബുദത്തിന് കൂടുതല്‍ സാധ്യത. 80 ശതമാനം സ്തനാര്‍ബുദ രോഗികളും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.
പുരുഷന്‍മാരിലെ ബ്രെസ്റ്റ് കാന്‍സര്‍
സ്ത്രീകളില്‍ മാത്രമല്ല പുരുഷന്മാരിലും സ്തനാര്‍ബുദം ഉണ്ടാകാറുണ്ട്. എന്നാല്‍ വളരെ അപൂര്‍വ്വമാണെന്ന് മാത്രം. 50,000ത്തോളം സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം സ്തനാര്‍ബുദം ബാധിക്കുമ്പോള്‍ 350 പുരുഷന്മാരില്‍ മാത്രമാണ് പ്രതിവര്‍ഷം ഈ അസുഖം ബാധിക്കുന്നത്. സ്ത്രീകള്‍ക്ക് വരുന്ന അതേ രീതിയില്‍ തന്നെയായിരിക്കും പുരുഷന്മാരിലും സ്തനാര്‍ബുദം ബാധിക്കുന്നത്. ചികിത്സയും സമാനം തന്നെ. സ്ത്രീകളിലെ ലക്ഷണങ്ങള്‍ തന്നെയായിരിക്കും പുരുഷന്മാരിലും ഉണ്ടായിരിക്കുക.
ഈ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.