ആര്‍ത്തവ സമയത്തെ വയറുവേദന പമ്പ കടക്കാന്‍ ഈ പഴങ്ങള്‍ കഴിക്കൂ

സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. അവയില്‍ പ്രധാനമാണ് വയറുവേദന. ചിലര്‍ക്ക് സഹിക്കാന്‍ പറ്റാത്ത വേദനയായിരിക്കും. പലരും ഈ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വേദന സംഹാരികളേയും മറ്റും ആശ്രയിക്കുന്നതും പതിവാണ്.
ഇത് ആരോഗ്യത്തിന് നല്ലതല്ല. പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തിയേക്കും. ഇത് ഭയന്ന് ചിലര്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ തേടാറുണ്ട്. ചൂടുവെള്ളം വയറില്‍ പിടിച്ചും ചൂടു ചായകുടിച്ചുമെല്ലാം വേദനയകറ്റാന്‍ നോക്കുന്നവരുമുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ആശ്വാസം കിട്ടാന്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. അത്തരം പഴങ്ങളെ കുറിച്ച് അറിയാം.
പഴം
പഴത്തില്‍ ബോറോണ്‍, പൊട്ടാസ്യം, വിറ്റാമിന്‍ ബി 6 തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്തവ സമയത്ത് പഴം കഴിക്കുന്നത് നല്ലതാണ്. ഇത് വേദന കുറക്കുകയും, നല്ല ഉറക്കം കിട്ടുകയും, മാനസികാവസ്ഥ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. ഗര്‍ഭാശയ പേശികള്‍ക്ക് അയവ് ഉണ്ടാകും. ദിവസത്തില്‍ ഒരുതവണ ഇത് കഴിക്കാവുന്നതാണ്. ലഘു ഭക്ഷണമായോ, ജ്യൂസ് ആയോ കുടിക്കാം.
തണ്ണിമത്തന്‍
ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദന, തലവേദന, മാനസിക സമ്മര്‍ദം, വയറു വീക്കം എന്നിവ കുറക്കാന്‍ തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രതിരോധ ശേഷി കൂട്ടുകയും എപ്പോഴും ഹൈഡ്രേറ്റ് ആയി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. നേരിട്ടോ, ജ്യൂസ് ആയിട്ടോ തണ്ണിമത്തന്‍ കഴിക്കാം. ദിവസത്തില്‍ രണ്ട് കപ്പ് (300 ഗ്രാം) കുടിക്കാം.
പൈനാപ്പിള്‍
പൈനാപ്പിളില്‍ ബ്രൊമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിരിക്കുന്നു. ഇത് ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വേദന, വയറു വീക്കം എന്നിവ കുറക്കുന്നു. കൂടാതെ ശരീരത്തില്‍ അയണിന്റെ അളവ് കൂട്ടുകയും മാനസികാവസ്ഥ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പൈനാപ്പിളില്‍ 86 ശതമാനം വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ എപ്പോഴും ഹൈഡ്രേറ്റ് ആയിരിക്കാന്‍ സഹായിക്കും. അതുകൊണ്ട് തന്നെ ആവശ്യമനുസരിച്ച് കഴിക്കാവുന്നതാണ്.
പപ്പായ
പപ്പായ കഴിക്കുന്നത് വഴി വേദന കുറയ്ക്കുകയും, ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. കൂടാതെ രക്തപ്രവാഹം കൂട്ടും, ദഹനശേഷി വര്‍ധിപ്പിക്കും. ഇത് കൃത്യമായ സമയങ്ങളില്‍ ആര്‍ത്തവം ഉണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദിവസത്തില്‍ ഒന്നോ രണ്ടോ തവണ പപ്പായ ജ്യൂസ് കുടിക്കാം.
ഓറഞ്ച്
വിറ്റാമിന്‍ സി, കാല്‍സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയ ഗുണങ്ങള്‍ ഓറഞ്ചില്‍ അടങ്ങിയിട്ടുണ്ട്. ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വേദനകളെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. രക്തത്തിന്റെ ഒഴുക്ക് വര്‍ധിപ്പിക്കും, മാനസികാവസ്ഥ നിയന്ത്രിക്കാന്‍ സഹായിക്കും, ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയും. ശരീരത്തിലെ അയണിന്റെ അളവ് വര്‍ധിപ്പിക്കും. ദിവസത്തില്‍ ഒന്നോ രണ്ടോ ഓറഞ്ച് നേരിട്ടോ ജ്യൂസ് ആയോ കുടിക്കാം.
സരസഫലങ്ങള്‍
ബ്ലൂബെറി, സ്‌ട്രോബെറി, റാസ് ബെറി എന്നീ സരസഫലങ്ങളില്‍ ഫൈബര്‍, ആന്റിഓക്‌സിഡന്റ്‌സ്, വിറ്റാമിന്‍ സി എന്നീ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നു. ആര്‍ത്തവ സമയത്തെ ബുദ്ധിമുട്ടലുകളില്‍ നിന്നും ഇവ നിങ്ങളെ സംരക്ഷിക്കും. വേദന കുറക്കുകയും, രക്തത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. കൂടാതെ ദഹനശേഷി, രക്തപ്രവാഹം എന്നിവ കൂട്ടുന്നു. അതുകൊണ്ടുതന്നെ ആവശ്യത്തിനനുസരിച്ച് ഇത് കഴിക്കാവുന്നതാണ്.