മരുന്നുകള്‍ ബാക്കിയായോ? വലിച്ചെറിയരുത്; സംസ്ഥാനത്ത് പദ്ധതി

കാലഹരണപെട്ടതും ഉപയോഗ ശൂന്യമായതുമായ നിരവധി മരുന്നുകള്‍ നമ്മുടെ വീടുകളില്‍ കാണാം. ഇവ എന്ത് ചെയ്യണമെന്ന ആശങ്കയും ഉണ്ടാവാം. പാതി സിറപ്പ് അവശേഷിക്കുന്ന മരുന്ന് കുപ്പി, ഗുളികകള്‍ ബാക്കിയായ സ്ട്രിപ്പ്, കാലാവധി കഴിഞ്ഞവ ഇവയൊക്കെ ഇനി അലക്ഷ്യമായി മണ്ണിലോ വെള്ളത്തിലോ വലിച്ചെറിയരുത്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതിനായി ശാസ്ത്രീയമായ പദ്ധതി ആവിഷ്‌കരിക്കുകയാണ്. ന്യൂ പ്രോഗ്രാം ഫോര്‍ റിമൂവല്‍ ഓഫ് അണ്‍യൂസ്ഡ് ഡ്രഗ്‌സ് (nPROUD) എന്ന പേരില്‍ ഉടന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. ഉപയോഗ ശൂന്യമായ മരുന്നുകള്‍ വീട്ടില്‍ നിന്നും ശേഖരിച്ച് കൊണ്ടുപോകുകയോ നിശ്ചിത സ്ഥലങ്ങളില്‍ നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കുകയോ ചെയ്യും. രാജ്യത്ത് തന്നെ ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ കോഴിക്കോട് കോര്‍പ്പറേഷനിലും, കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി പഞ്ചായത്തിലും നടപ്പിലാക്കും.