ദിവസം മുഴുവനും ക്ഷീണിതനാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചില ആളുകളില്‍ പതിവായി ക്ഷീണം അനുഭവപ്പെടാറുണ്ട്. എന്നാല്‍ അതിനെ അങ്ങനെ അവഗണിക്കാന്‍ പാടില്ല. എത്രയും പെട്ടെന്ന് തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തി ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്തി ചികിത്സ നടത്തണം. പലരും തുടക്കത്തിലുള്ള ലക്ഷണങ്ങളെ അവഗണിക്കുകയാണ് പതിവ്. ഇത് രോഗം മൂര്‍ഛിക്കാന്‍ ഇടവരുത്തുന്നു.

ചില രോഗങ്ങളുടെ ലക്ഷണമായാണ് ആരോഗ്യ വിദഗ്ധര്‍ ക്ഷീണത്തെ സൂചിപ്പിക്കുന്നത്. അമിത ക്ഷീണം വൃക്കസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നതിന്റെ ലക്ഷണമാകാമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വൃക്കകള്‍ എറിത്രോപോയിറ്റിന്‍ (ഇപിഒ) എന്നറിയപ്പെടുന്ന ഒരു പ്രത്യേക ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നു. ചുവന്ന രക്താണുക്കളുടെ (RBCs) ഉല്‍പാദനത്തില്‍ ഇത് ഒരു പ്രധാന ഘടകമാണ്. രക്തത്തിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് ആര്‍ബിസി നിര്‍ണായകമാണ്. വൃക്കകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ അവ കുറച്ച് ഇപിഒ ഉത്പാദിപ്പിക്കുന്നു. അതിനാല്‍ ഓക്‌സിജന്‍ വിതരണം കുറയുന്നു. ഇത് വിളര്‍ച്ചയ്ക്ക് മാത്രമല്ല അമിത ക്ഷീണത്തിനും ഇടയാക്കുന്നുവെന്ന് Indian Spinal Injuries Centrese കണ്‍സള്‍ട്ടന്റ് - നെഫ്രോളജിസ്റ്റ് ഡോ. ഉദിത് ഗുപ്ത പറയുന്നു.

വൃക്ക തകരാറിലാകുമ്പോള്‍ ക്ഷീണത്തിന്റെ തോതും കൂടുന്നു. വൃക്കകളുടെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നാണ് വിഷവസ്തുക്കളെ ഫില്‍ട്ടര്‍ ചെയ്യുകയും ശരീരത്തില്‍ നിന്ന് പുറന്തള്ളുകയും ചെയ്യുക എന്നത്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ക്ഷീണം ഉണ്ടാകുന്നതിന് കാരണമാകുന്നു.

ശരീരത്തില്‍ മാലിന്യം പുറന്തള്ളുന്നതില്‍ വൃക്കകള്‍ പരാജയപ്പെടുന്നത് ചര്‍മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാകാന്‍ ഇടയാകും.

വൃക്കരോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ അമിതമായി മൂത്രമൊഴിക്കുന്നതിനും ഇടയാക്കും. ഇത് വൃക്ക ഫില്‍ട്ടറുകള്‍ തകരാറിലായേക്കാം. മൂത്രത്തില്‍ രക്തം കാണുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. ഇത് വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണമാകാം എന്നും ഡോക്ടര്‍ പറയുന്നു.

മൂത്രത്തില്‍ അമിതമായി പത കാണുന്നത് പ്രോട്ടീന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. മൂത്രത്തില്‍ അമിതമായ പ്രോട്ടീന്‍ പുറന്തള്ളുന്നതില്‍ വൃക്കകളുടെ പ്രവര്‍ത്തനത്തെ തന്നെ അത് ബാധിക്കാം.

കണ്ണുകള്‍ക്ക് ചുറ്റുമുള്ള നീര്‍ക്കെട്ട് കിഡ്നി തകരാറിന്റെ ആദ്യ ലക്ഷണമാകാം. അത് കൂടാതെ, വൃക്കകള്‍ക്ക് ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ അത് രക്തത്തില്‍ അടിഞ്ഞുകൂടുകയും ചൊറിച്ചില്‍ ഉണ്ടാക്കുകയും ചെയ്യും.

മുതുകിലും, ഇടുപ്പിനും വാരിയെല്ലിനും ഇടയിലും, കാലിലും കാണുന്ന വേദന പോളിസിസ്റ്റിക് വൃക്കരോഗത്തിന്റെ ലക്ഷണമാണ്. വൃക്കയില്‍ നീര്‍ക്കുമിളകള്‍ രൂപം കൊള്ളുന്ന അവസ്ഥയാണിത്. ഇത് വേദനയും ഉണ്ടാക്കാം.

Related Articles
Next Story
Share it