ആദ്യ 20 കി.മീറ്ററിന് മിനിമം ചാര്‍ജ്: സംസ്ഥാനത്ത് ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ചുകൊണ്ട് ഗതാഗതവകുപ്പ് ഉത്തരവ് പുറത്തിറക്കി. മിനിമം ചാര്‍ജ് 600 രൂപയാണ്. പരമാവധി ചാര്‍ജ് 2500 രൂ. ആദ്യ 20 കിലോ മീറ്ററിന് മിനിമം നിരക്കായ 600 രൂപയായിരിക്കും ഈടാക്കുക. മിനിമം നിരക്ക് ഈടാക്കുമ്പോള്‍ ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാര്‍ജ് ബാധകമാവില്ല.

ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കും കാന്‍സര്‍ രോഗ ബാധിതര്‍ , 12 വയസ്സില് താഴെ ഉള്ള കുട്ടികള്‍ക്കും ഇളവ് ലഭിക്കും. ബി.പി.എല്ലിന് 20 ശതമാനം കുറവ് ഉണ്ടാവും. കാന്‍സര്‍ രോഗികള്‍, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ക്ക് കി.മീറ്ററിന് രണ്ട് രൂപ വീതം കുറവ് ലഭിക്കും. ആംബുലന്‍സില്‍ നിരക്കുകള്‍ പ്രദര്‍ശിപ്പിക്കാനും ഉത്തരവുണ്ട്.

ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ് 2500 രൂപ. തുടര്‍ന്നുള്ള ഓരോ കിലോ മീറ്ററിനും 50 രൂപ ഈടാക്കും. ആദ്യ മണിക്കൂറിന് ശേഷം ഓരോ മണിക്കൂറിനും വെയിറ്റിംഗ് ചാര്‍ജ് 350 രൂപയും ആയി നിശ്ചയിച്ചു.

എ.സി ഓക്‌സിജന്‍ സൗകര്യം ഉള്ളതാണെങ്കില്‍ മിനിമം 1500 രൂപ നല്‍കേണ്ടി വരും. ഓരോ കി.മീറ്ററിനും 40 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും 200 രൂപയായിരിക്കും.

നോണ്‍ എ.സി ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 1000 രൂപയും തുടര്‍ന്നുള്ള ഓരോ കി.മീറ്ററിനും 30 രൂപയും ആദ്യ മണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിനും വെയിറ്റിംഗ് ചാര്‍ജ് 200 രൂപയുമായിരിക്കും.

ഓംമ്‌നി ഉള്‍പ്പെടെയുള്ള എ.സി ആംബുലന്‍സുകള്‍ക്ക് മിനിമം നിരക്ക് 800 രൂപയാണ്. തുടര്‍ന്നുള്ള ഓരോ കി.മീറ്ററിനും 25 രൂപയും ആദ്യ കി.മീറ്ററിന് ശേഷമുള്ള ഓരോ മണിക്കൂറിനും വെയിറ്റിംഗ് ചാര്‍ജ് 200 രൂപയും ആയിരിക്കും.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it