സൗന്ദര്യവര്‍ധക വസ്തുവില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ വിഷാംശം ; കണ്ടെത്തിയത് 'ഓപ്പറേഷന്‍ സൗന്ദര്യയില്‍'

കൊച്ചി: ഓപ്പറേഷന്‍ സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് എറണാകുളത്ത് നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കണ്ടെത്തി. എറണാകുളം മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തിക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളുടെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നുമാണ് മായം ചേര്‍ത്ത പെര്‍ഫ്യൂം പിടികൂടിയത്. ഗുജറാത്തിലെ അഹമ്മദാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ 'കരിഷ്മ പെര്‍ഫ്യൂം' എന്ന പേരില്‍ ഇറക്കിയ കോസ്‌മെറ്റിക്‌സിലാണ് മീഥൈല്‍ ആല്‍ക്കഹോള്‍ അമിത അളവില്‍ (95 ശതമാനത്തോളം) കണ്ടെത്തിയത്. കേരള പോയിസണ്‍ റൂളിന്റെ ഷെഡ്യൂള്‍ ഒന്നില്‍ വരുന്ന ഒരു വിഷമാണ് മീഥൈല്‍ ആല്‍ക്കഹോള്‍. പെര്‍ഫ്യൂം ആയിട്ടാണ് നിര്‍മ്മിക്കുന്നതെങ്കിലും ആഫ്റ്റര്‍ ഷേവ് ആയിട്ടാണ് ഇത് ഉപയോഗിക്കപ്പെടുന്നത്. അതിനാല്‍ തന്നെ മൃദുവായ മുഖ ചര്‍മ്മത്തിലൂടെയും മുറിവിലൂടെയും വേഗത്തില്‍ ശരീരത്തിലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു. മായം ചേര്‍ത്ത സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിര്‍മ്മിച്ച് വിതരണം നടത്തിയാല്‍ 3 വര്‍ഷം വരെ തടവും 50,000 രൂപയില്‍ കുറയാത്ത പിഴയും കിട്ടാവുന്ന കുറ്റമാണെന്നും പരിശോധനകള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.