'ഫുഡ് ഡെലിവറി പ്ലാസ്റ്റിക് പാത്രത്തിലാണോ? കരുതിയിരിക്കുക ബ്ലാക് പ്ലാസ്റ്റിക്കിനെ

തിരക്ക് പിടിച്ച ആധുനിക കാലത്ത് അടുക്കളകളില്‍ ഭക്ഷണമുണ്ടാക്കുന്ന രീതി കുറഞ്ഞുവരികയാണ്. പ്രത്യേകിച്ച് നഗരങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ മിക്കപ്പോഴും ഹോട്ടല്‍ ഭക്ഷണങ്ങളെയാണ് ആശ്രയിക്കുന്നത്. സമയം ലാഭിക്കാനും വീട്ടുജോലി കുറക്കാനും മിക്കപ്പോഴും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയാണ്. ഹോട്ടലുകളിലും മറ്റും ഭക്ഷണം പായ്ക്ക് ചെയ്യാന്‍ മിക്കപ്പോഴും ഉപയോഗിക്കുന്നത് ബ്ലാക്ക് പ്ലാസ്റ്റിക് എന്ന പ്ലാസ്റ്റികില്‍ നിര്‍മിച്ച പാത്രങ്ങളിലാണ്. പഴയ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവ റീസൈക്കിള്‍ ചെയ്ത് രാസവസ്തുക്കളുപയോഗിച്ച് ട്രീറ്റ് ചെയ്താണ് ഇവ നിര്‍മ്മിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം പാത്രങ്ങളിലെ ഭക്ഷണവിതരണം അത്ര സുരക്ഷിതമാണോ എന്നത് സംബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ചിരാഗ് ബര്‍ജാത്യ എന്ന ഐഡി പുറത്ത് വിട്ട വീഡിയോയാണ് ചര്‍ച്ചകള്‍ക്ക് വഴിവച്ചത്.
ബ്ലാക്ക് പ്ലാസ്റ്റിക്കിലെ രാസപദാര്‍ത്ഥങ്ങള്‍ ചൂടുള്ളതും എണ്ണമയമുള്ളതുമൊക്കെയായ ഭക്ഷണത്തിലേക്ക് പതിയെ അരിച്ചിറങ്ങി ശരീരത്തിനുള്ളിലെത്താന്‍ സാധ്യതയുണ്ടെന്ന് ഡോ. കാഞ്ചന്‍ തന്റെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് എന്‍ഡോക്രൈന്‍ സംവിധാനത്തിന്റെ താളം തെറ്റിക്കുകയും അര്‍ബുദം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ശരീരത്തിന്റെ സാധാരണ ഗതിയിലുള്ള പ്രവര്‍ത്തനത്തെയും ഇവ ബാധിക്കാം എന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു.
ബ്ലാക്ക് പ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തിലേക്ക് മൈക്രോ പ്ലാസ്റ്റിക്കുകളെ കടത്തി വിടാമെന്നും ഇത് അര്‍ബുദത്തിന് പുറമേ ഹൃദ്രോഗം പോലുള്ള സങ്കീര്‍ണ്ണതകള്‍ക്ക് കാരണമാകാമെന്നും ഡോക്ടര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രോസ്റ്റേറ്റ് അര്‍ബുദം, സ്തനാര്‍ബുദം തുടങ്ങിയവയുടെ സാധ്യതകള്‍ ഇത്തരം ഹാനികരമായ രാസപദാര്‍ത്ഥങ്ങളും മൈക്രോപ്ലാസ്റ്റിക്കുകളും വര്‍ധിപ്പിക്കുന്നു. കുട്ടികളിലെ നാഡീവ്യൂഹപരമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ച് അവരിലെ ഐക്യുവിനെയും താഴ്ത്താന്‍ ഈ രാസപദാര്‍ത്ഥങ്ങള്‍ക്ക് സാധിക്കുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതുകൊണ്ടുതന്നെ ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ മാത്രമല്ല ഫ്രിഡ്ജില്‍ സൂക്ഷിക്കാനും ചൂടാക്കാനും മൈക്രോവേവ് ചെയ്യാനുമൊന്നും ബ്ലാക്ക് പ്ലാസ്റ്റിക്കുകള്‍ ഉപയോഗിക്കരുതെന്നും ലേഖനത്തില്‍ പറയുന്നു. സ്റ്റീല്‍, ഗ്ലാസ് തുടങ്ങിയ പാത്രങ്ങള്‍ ഉപയോഗിക്കുന്നതാകും ഇത്തരം ആവശ്യങ്ങള്‍ക്ക് സുരക്ഷിതം. വാഴയില, മുള കൊണ്ടുള്ള പാത്രങ്ങള്‍ എന്നിവയും ധൈര്യമായി ഉപയോഗിക്കാം എന്നും ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.