സൂര്യവെളിച്ചം സര്‍വ്വത്ര..!! പക്ഷേ വൈറ്റമിന്‍ ഡി അഭാവം കൂടുന്നു

തെക്കേ ഇന്ത്യയില്‍ സയിന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണല്‍ നടത്തിയ പഠനത്തില്‍ നഗരത്തില്‍ താമസിക്കുന്നവരിലാണ് വൈറ്റമിന്‍ ഡി അഭാവം കൂടുതലായി കണ്ടെത്തിയത്.

വൈറ്റമിന്‍ ഡിയുടെ അഭാവം ഇന്ത്യയില്‍ വ്യാപകമാവുകയാണ്. അസ്ഥിയെയും പ്രതിരോധ വ്യവസ്ഥയെയും മാനസികാരോഗ്യത്തെയും വൈറ്റമിന്‍ ഡിയുടെ അഭാവം ബാധിക്കാം. ഇന്ത്യയില്‍ സൂര്യവെളിച്ചം ആവശ്യത്തിന് ലഭിക്കുമ്പോഴും ആളുകള്‍ക്കിടയില്‍ പ്രത്യേകിച്ച് നഗരത്തില്‍ താമസിക്കുന്നവര്‍ക്കിടയില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം ഉള്ളവരുടെ എണ്ണം കൂടുകയാണ്. ജീവിതശൈലി മാറിയതും പാരിസ്ഥിതിക കാരണങ്ങളുമാണ് ഇതിന് വഴിവെക്കുന്നത്.

വീടിനുള്ളില്‍ തന്നെയുള്ള താമസവും , ഭക്ഷണ ശീലവും വായു മലിനീകരണവുമൊക്കെയാണ് ഇതിന്റെ പ്രാഥമിക കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്.സൂര്യവെളിച്ചത്തിലൂടെ വൈറ്റമിന്‍ ഡി ശരീരത്തിന് ലഭിക്കുന്നതിനൊപ്പം സെറാടോണിന്‍ ഹോര്‍മോണ്‍ ഉല്പാദിപ്പിച്ച് മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നു. കൂടാതെ മികച്ച ഉറക്കവും.

തെക്കേ ഇന്ത്യയില്‍ സയിന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണല്‍ നടത്തിയ പഠനത്തില്‍ നഗരത്തില്‍ താമസിക്കുന്നവരിലാണ് വൈറ്റമിന്‍ ഡി അഭാവം കണ്ടെത്തിയത്. അതേ സമയം വടക്കേ ഇന്ത്യയില്‍ അമ്പത് വയസ്സിന് മുകളിലുള്ളവരില്‍ ഉയര്‍ന്ന അളവില്‍ (91.2%) വൈറ്റമിന്‍ ഡി കണ്ടെത്തി. അമ്പത് വയസ്സ് വരെ ഉള്ളവരിലാണ് അഭാവം കൂടുതലായി കാണപ്പെടുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു.നടുവേദനയുള്ള 30നും 34നും ഇടയില്‍ പ്രായമുള്ള 50 സ്ത്രീകളില്‍ നടത്തിയ കേസ് കണ്‍ട്രോള്‍ സ്റ്റഡിയില്‍ വൈറ്റമിന്‍ ഡിയുടെ അഭാവം കണ്ടെത്താനായി. 74 ശതമാനം കേസിലും 20 നാനോഗ്രാം പെര്‍ മില്ലിലിറ്റര്‍ വൈറ്റമിന്‍ ഡി മാത്രമാണ് രേഖപ്പെടുത്തിയത്. 30നും 40നും ഇടയില്‍ പ്രായമുള്ള വനിതകളില്‍ ഗുരുതര നടുവേദനയുളളവര്‍ക്ക് വൈറ്റമിന്‍ ഡി അടങ്ങിയ ഗുളികകള്‍ നല്‍കലാണ് പ്രതിവിധി.

എന്തുകൊണ്ട് വൈറ്റമിന്‍ ഡി യുടെ കുറവുണ്ടാകുന്നു

വീടും വീടിന് ചുറ്റും സ്ഥലവുമുണ്ടെങ്കിലും മിക്ക ഇന്ത്യക്കാരും ചുരുങ്ങിയ സമയം മാത്രമേ പുറത്ത് സമയം ചെലവഴിക്കുന്നുള്ളൂ. നാഗരവത്കരണവും വീടിനുള്ളിലെ ജീവിതശൈലിയും പലരെയും വീടിനുള്ളില്‍ അല്ലെങ്കില്‍ ഓഫീസിലോ സ്‌കൂളിലോ ആക്കി മാറ്റുന്നു. നേരത്തെ വീട്ടില്‍ എത്തിയാല്‍ പോലും പുറത്തേക്കിറങ്ങുന്നില്ല. പുറത്തിറങ്ങുന്നുണ്ടെങ്കില്‍ തന്നെ അത് അതിരാവിലെയോ വൈകുന്നേരം വളരെ വൈകിയോ ആയിരിക്കും. ഈ സമയങ്ങളില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ ശരീരത്തിലേക്ക് അള്‍ട്രാവയലറ്റ് ബി ആഗിരണം ചെയ്യില്ല. എന്നാല്‍ മാത്രമേ ശരീരത്തില്‍ വൈറ്റമിന്‍ ഡി ഉല്‍പ്പാദനം നടക്കൂ.

ഇന്ത്യക്കാരില്‍ ഇരുണ്ട നിറമുള്ളവരാണ് ഏറെയും. വൈറ്റമിന്‍ ഡി ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് ഇരുണ്ട ചര്‍മ്മത്തിന് താരതമ്യേന കുറവാണ്. ശരീരത്തിലെ മെലാനിന്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാലാണിത്. അതിനാല്‍ ഇരുണ്ട നിറമുള്ളവര്‍ കുറച്ചധികം നേരം സൂര്യപ്രകാശം ഏല്‍ക്കണം.ഇന്ത്യയുടെ പരമ്പരാഗത ഭക്ഷണരീതികളില്‍ വൈറ്റമിന്‍ ഡി അടങ്ങിയവ കുറവാണ്. നെയ്മീന്‍, മുട്ടയുടെ മഞ്ഞക്കുരുവൊക്കെ വൈറ്റമിന്‍ ഡി അടങ്ങിയവയാണെങ്കിലും ഇതൊന്നും നിത്യജീവിതത്തിന്റെ ഭാഗമാകുന്നില്ല. സസ്യാഹാരം മാത്രം കഴിക്കുന്നവരിലും വൈറ്റമിന്‍ ഡിയുടെ കുറവ് കാണപ്പെടുന്നു.ഇന്ത്യന്‍ നഗരങ്ങളിലെ വായു മലിനീകരണം സൂര്യപ്രകാശം ഭൂമിയിലേക്കെത്തുന്നത് തടയുന്നതും ഇത് അള്‍ട്രാവയലറ്റ് ബി കുറക്കുന്നതിനും കാരണമാകുന്നു.

എന്തൊക്കെ ചെയ്യണം

രാവിലെ 10 മണിക്കും വൈകീട്ട് മൂന്ന് മണിക്കും ഇടയില്‍ 10 മുതല്‍ 30 മിനിറ്റ് വരെ സൂര്യപ്രകാശം ഏല്‍ക്കുക, ശരീരഭാഗം പ്രത്യേകിച്ച് കൈ,കാലുകള്‍ എന്നിവയ്ക്ക് സൂര്യപ്രകാശം ഏല്‍ക്കണം, സൂര്യപ്രകാശം ഏറ്റശേഷം ചര്‍മ്മ പ്രശ്‌നം ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക, പാല്‍, കൂണ്‍, മുട്ടയുടെ മഞ്ഞക്കുരു, നെയ്മീന്‍ എന്നിവ ഭക്ഷണത്തിന്റെ ഭാഗമാക്കുക. സസ്യാഹാരികള്‍ അതിനനുസരിച്ചുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം.സൂര്യപ്രകാശവും ഭക്ഷണവും മതിയാവുന്നില്ലെങ്കില്‍ ആരോഗ്യ വിദഗ്ദ്ധനെ കണ്ട് വൈറ്റമിന്‍ ഡി അടങ്ങിയ സപ്ലിമെന്റ് കഴിക്കുക, കൃത്യമായ ഇടവേളകളില്‍ വൈറ്റമിന്‍ ഡി ലെവല്‍ പരിശോധിക്കുക.

Courtesy-TOI

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it