MUSCLE PAIN | മസില്‍ കയറുന്നത് പതിവാണോ? പരിഹാരമുണ്ട്

പലരുടേയും പ്രധാന പ്രശ്‌നമാണ് മസില്‍ കയറുന്നത്. ഇതിനെ വേണമെങ്കില്‍ ഒരു ആരോഗ്യ പ്രശ്‌നമായും എടുക്കാം. ചിലര്‍ക്ക് ഉറക്കത്തിലായിരിക്കും മസില്‍ കയറുന്നത്. ഇതോടെ പെട്ടെന്ന് എഴുന്നേറ്റ് അലറി വിളിക്കുകയും എന്തോ ഗുരുതരമായ അപകടം സംഭവിച്ചു എന്ന് മറ്റുള്ളവര്‍ക്ക് തോന്നാന്‍ ഇടയാകുകയും ചെയ്യുന്നു.

മസില്‍ വേദന കാരണം രാത്രി ശരിക്കും ഉറങ്ങാന്‍ കഴിയാത്ത അവസ്ഥ വരെ പലര്‍ക്കും ഉണ്ടാകാറുണ്ട്. വിറ്റാമിന്‍ ബി 12, പൊട്ടാസ്യം, സോഡിയം എന്നിവയുടെ കുറവ് കാലില്‍ മസില്‍ കയറാന്‍ കാരണമാകും. നാഡികളുടെ പ്രവര്‍ത്തനത്തിനും പേശികളുടെ ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വിറ്റാമിനാണ് ബി 12.

എന്നാല്‍ ഇതൊന്നും വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ല. മസില്‍ കയറുന്നതിന് പരിഹാരങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

1. രാത്രി കിടക്കുമ്പോള്‍ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. ഇത് രക്തപ്രവാഹത്തിന് തടസമുണ്ടാക്കുന്നില്ല. അതുകൊണ്ടുതന്നെ മസില്‍ കയറുന്നതും കുറയും.

2. ഉറങ്ങാനായി കിടക്കുമ്പോള്‍ അല്‍പനേരം കാലുകള്‍ കട്ടിലില്‍ നിന്ന് താഴേയ്ക്കായി തൂക്കിയിടുക. പിന്നീട് സാധാരണ രീതിയില്‍ കിടക്കാം. മസില്‍ വേദന കുറയ്ക്കാന്‍ ഇതും നല്ലൊരു വഴിയാണ്.

3. കാലില്‍ മസില്‍ കയറുമ്പോള്‍ കാല് വേഗത്തില്‍ ചലിപ്പിച്ച് കൊണ്ടിരിക്കുകയാണ് ഒരു മാര്‍ഗം. തനിയെ കാല്‍ ചലിപ്പിക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ കൈകള്‍ കൊണ്ട് കാലുകള്‍ ചലിപ്പിക്കുക. വേദന കുറയുന്നതു വരെ തുടര്‍ച്ചയായി ഇങ്ങനെ ചെയ്യണം.

4. കിടക്കുന്ന രീതിയും പ്രധാനമാണ്. ശരിയായ രീതിയില്‍ കിടക്കാതിരുന്നാല്‍ മസില്‍ കയറി വേദന അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഉറങ്ങുമ്പോള്‍, കാലിന് ഒരു തലയിണയുടെ സപ്പോര്‍ട്ട് കൊടുക്കുന്നത് ഗുണം ചെയ്യും.

5. ശരീരത്തിലെ ജലാംശം കുറയുന്നതും മസില്‍ കയറാന്‍ ഇട വരുത്തും. ഇതിനായി നല്ലപോലെ വെള്ളം കുടിയ്ക്കുക. ഇതുകൊണ്ട് രക്തപ്രവാഹം ശരിയായി നടക്കും.

6. കാപ്പി, മദ്യം, കോള തുടങ്ങിയ പാനീയങ്ങള്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും. ഇവ കഴിവതും ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നതും ഗുണം ചെയ്യും. കാലിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.

Related Articles
Next Story
Share it