പേനും ഈരും പമ്പ കടക്കും; ഈ ട്രിക്ക് പരീക്ഷിക്കൂ

വീട്ടമ്മമാരുടെ പേടി സ്വപ്‌നമാണ് പേന്‍ എന്ന് തന്നെ പറയാം. കാരണം പേന്‍ അധികവും കുട്ടികളിലാണ് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ അമ്മമാരാണ് പൊറുതിമുട്ടുന്നതും. പ്രധാനമായും സ്‌കൂളില്‍ പോകുന്ന ചെറിയ കുട്ടികളുടെ തലയില്‍ പേന്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കുട്ടികളില്‍ നിന്നും മുതിര്‍ന്നവരിലേയ്ക്കും പേന്‍ വരാം. തലയില്‍ നിന്നും പേന്‍ മുഴുവനും എടുത്തുകളഞ്ഞാലും തൊട്ടടുത്ത ദിവസം വീണ്ടും വരുന്നത് കാണാം.

പലതരം പരീക്ഷണങ്ങളാണ് പേനിനെ ഇല്ലാതാക്കാന്‍ ഇവര്‍ ചെയ്യുന്നത്. കണ്ണില്‍ കണ്ട മരുന്നുകളെല്ലാം വാങ്ങിക്കൂട്ടും. എന്നാല്‍ ഫലമുണ്ടാകില്ല. പേന്‍ ശല്യം ഇല്ലാതാക്കാന്‍ എളുപ്പവഴിയുണ്ട്. അത് എന്താണെന്ന് അറിയാം.

പേന്‍ വരുന്നതിന്റെ കാരണങ്ങള്‍

ഒരാളുടെ തലയില്‍ നിന്നും മറ്റൊരാളുടെ തലയിലേക്ക് പേന്‍ വളരെ എളുപ്പത്തില്‍ തന്നെ എത്തുന്നു. തലകള്‍ തമ്മില്‍ സ്പര്‍ശിച്ചാല്‍, ഒരുമിച്ച് കിടന്നാല്‍, പേന്‍ ശല്യമുള്ള വ്യക്തി ഉപയോഗിക്കുന്ന ചീര്‍പ്പ്, ബാത്ത് ടവ്വല്‍ എന്നിവ ഉപയോഗിച്ചാല്‍ പേന്‍ എളുപ്പത്തില്‍ നിങ്ങളുടെ തലയില്‍ എത്തുന്നു. കൂടാതെ തലയില്‍ വിയര്‍പ്പ് അമിതമായാല്‍, ഈര്‍പ്പം കെട്ടികിടക്കുന്നത്, മുടിയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നത് ഇവയിലൂടെയെല്ലാം പേന്‍ വരാം.

പേന്‍ശല്യം ഒഴിവാക്കാന്‍

പേന്‍ ശല്യം ഒഴിവാക്കാന്‍ നല്ല നാടന്‍ മരുന്നുകള്‍ നമ്മുടെ വീട്ടില്‍ നിന്നുതന്നെ തയാറാക്കാം. ഇതിനായി ഒരു പാനില്‍ ഒരു ടീസ്പൂണ്‍ കടുകെണ്ണ ഒഴിക്കുക. ഇതിലേയ്ക്ക് രണ്ട് കര്‍പ്പൂരം പൊടിച്ച് ചേര്‍ക്കുക. അതുപോലെ മൂന്ന് ഗ്രാമ്പൂവും ചേര്‍ത്ത് നല്ലതുപോലെ ചൂടാക്കി എടുക്കുക. ഇത് കുളിക്കുന്നതിന് 20 മിനിറ്റ് മുന്‍പ് തലയില്‍ തേച്ച് പിടിപ്പിക്കുക. അതിനുശേഷം കുളിക്കാം. കുളിച്ചതിന് ശേഷം പേന്‍ ചീര്‍പ്പ് ഉപയോഗിച്ച് തല നല്ലതുപോലെ ചീകുക. തലയില്‍ നിന്നും പേനും ഈരും പോകുന്നത് കാണാം.

പേന്‍ശല്യം കൊണ്ടുള്ള ആരോഗ്യ പ്രശ്‌നം

ഒരു പേനെങ്കിലും തലയില്‍ കടന്നുകൂടിയാല്‍ പിന്നെ ഉറക്കം നഷ്ടപ്പെടും. ഒരുപാട് പ്രയാസങ്ങള്‍ ഇതുമൂലം അനുഭവപ്പെടും. പേന്‍ തലയില്‍ നിന്നും നീക്കം ചെയ്തില്ലെങ്കില്‍, അത് പെരുകാനുള്ള സാധ്യത കൂടുതലാണ്. തലയില്‍ ചൊറി, അല്ലെങ്കില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു. തലയില്‍ അമിതമായിട്ടുള്ള ചൊറിച്ചില്‍ അനുഭവപ്പെട്ടേക്കാം. മുടിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കാനും കാരണമാകുന്നു. അതിനാല്‍, പേന്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

നനഞ്ഞ മുടി കെട്ടിവയ്ക്കുന്നത്

നനഞ്ഞ മുടി കെട്ടിവയ്ക്കുന്നത് പേന്‍ പെരുകുന്നതിന് കാരണമാകുന്നു. മാത്രമല്ല, മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍, മുടി ഉണങ്ങിയതിന് ശേഷം മാത്രം കെട്ടിവെയ്ക്കുക. അമിതമായി തലയില്‍ വിയര്‍പ്പിരുന്നാല്‍ കുളിക്കുക, അല്ലെങ്കില്‍ തലയില്‍ നിന്നും വിയര്‍പ്പ് കളയുന്നതിനായി മുടി അഴച്ചിട്ട് ഫാനിന്റെ ചുവട്ടില്‍ നില്‍ക്കുക. അമിതമായി വിയര്‍ക്കുന്ന പ്രകൃതക്കാരാണെങ്കില്‍ രാത്രി കിടക്കുമ്പോള്‍ മുടി അഴിച്ചിടുക. അതുപോലെ, കാറ്റ് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. തലയില്‍ അഴുക്ക് ഇരിക്കാതെ നോക്കുക. തല വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കുക.

Related Articles
Next Story
Share it