മുടിയുടെ നരയ്ക്ക് സമ്മര്‍ദ്ദം ഒരു കാരണമാണോ?

സമ്മര്‍ദ്ദവും മുടി നരയും പരിശോധിക്കാന്‍ ഗവേഷണ സംഘം ഉപയോഗിച്ചത് എലികളെ

പ്രായമാകുമ്പോള്‍ ശരീരത്തിന് സംഭവിക്കുന്ന സ്വാഭാവികമായ മാറ്റങ്ങളിലൊന്നാണ് തലമുടി നരയ്ക്കുന്നത്. നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം ഒരുപോലെയുണ്ടാകുന്ന മാറ്റമാണ്. എന്നാല്‍ ചിലരിലെങ്കിലും വളരെ നേരത്തേ തന്നെ തലമുടി നരയ്ക്കുന്ന പ്രശ്നം കാണാറുണ്ട്. സമ്മര്‍ദ്ദം കാരണമാണ് ഇത്തരത്തില്‍ മുടി നരയ്ക്കുന്നതെന്നാണ് പൊതുവെ ഉള്ള ഒരു ധാരണ.

ശരീരത്തില്‍ പലതരം പ്രതികൂല ഫലങ്ങളും സമ്മര്‍ദ്ദം ഉണ്ടാക്കാറുണ്ട്. കടുത്ത സമ്മര്‍ദ്ദം മുടി നരയ്ക്കാന്‍ കാരണമാകുമെന്ന ധാരണ പണ്ടു മുതലേ ജനങ്ങളിലുണ്ട്. മെലാനിന്‍ എന്ന പിഗ്മെന്റ് ഉത്പാദിപ്പിക്കുന്ന മെലനോസൈറ്റുകള്‍ എന്നറിയപ്പെടുന്ന കോശങ്ങളാണ് മുടിയുടെ നിറം നിര്‍ണ്ണയിക്കുന്നത്. മുടിയുടെ അടിഭാഗത്തുള്ള രോമകൂപത്തിനുള്ളില്‍ വസിക്കുന്ന മെലനോസൈറ്റ് സ്റ്റെം സെല്ലുകളില്‍ നിന്നാണ് പുതിയ മെലനോസൈറ്റുകള്‍ നിര്‍മ്മിക്കുന്നത്. പ്രായമാകുമ്പോള്‍, ഈ സ്റ്റെം സെല്ലുകള്‍ ക്രമേണ അപ്രത്യക്ഷമാകുന്നു. മെലനോസൈറ്റ് സ്റ്റെം സെല്ലുകള്‍ നഷ്ടപ്പെട്ട രോമകൂപങ്ങളില്‍ നിന്ന് വീണ്ടും വളരുന്ന മുടിക്ക് പിഗ്മെന്റ് കുറവായതിനാല്‍ അത് നരച്ചതായി കാണപ്പെടുന്നു.

സമ്മര്‍ദ്ദം മുടി നരയ്ക്കാന്‍ കാരണമാകുമോ എന്ന് കണ്ടെത്താന്‍ ശാസ്ത്രജ്ഞന്‍മാര്‍ ഒരു ഗവേഷണം തന്നെ നടത്തുകയുണ്ടായി. യുഎസിലെ 'ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി'യില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍ നടത്തിയ ഏറ്റവും പുതിയൊരു പഠനം അവകാശപ്പെടുന്നത്, 'സ്ട്രെസ്' ഉണ്ടാകുമ്പോള്‍ 'സിമ്പതെറ്റിക് നെര്‍വ്സ്' എന്ന നെര്‍വുകള്‍ ഒരിനം കെമിക്കല്‍ ഉത്പാദിപ്പിക്കുമെന്നാണ്. തലയിലെ രോമകൂപങ്ങളിലുള്ള മുടിക്ക് നിറം നല്‍കാന്‍ സഹായിക്കുന്ന കോശങ്ങളെ ഈ കെമിക്കല്‍ നശിപ്പിക്കുന്നു. അതോടെയാണ് മുടി നരയ്ക്കാന്‍ തുടങ്ങുന്നതെന്നും കണ്ടെത്തി.

'സ്ട്രെസ്' മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് തലമുടി നരയ്ക്കാന്‍ കാരണമാകുന്നതെന്നായിരുന്നു ആദ്യം ഗവേഷകര്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ പല ഘട്ടങ്ങളിലായി നടത്തിയ ഗവേഷണം പിന്നിട്ടതോടെയാണ് 'സിമ്പതെറ്റിക് നെര്‍വി'ല്‍ നിന്നുണ്ടാകുന്ന കെമിക്കലിലേക്ക് ഇവരെത്തിയത്.

Related Articles
Next Story
Share it