കാല്‍മുട്ട് വേദനയെ പമ്പ കടത്താം: അറിഞ്ഞിരിക്കാം വീട്ടുവൈദ്യങ്ങള്‍

പ്രായഭേദമെന്യേ എല്ലാവരിലും കാണുന്ന ഒരു അസുഖമാണ് കാല്‍മുട്ട് വേദന. നമ്മുടെ ശരീരത്തെ താങ്ങി നിര്‍ത്തുകയും അനായാസം ചലിപ്പിക്കാന്‍ പര്യാപ്തമാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട സന്ധിയാണ് കാല്‍മുട്ട്. തുടയെല്ല്, വലിയ എല്ല്, കാലുകളിലെ ചെറിയ എല്ല്, മുട്ടുചിരട്ട എന്നിവയാണ് ഈ സന്ധിയിലുള്ളത്. പരുക്കുകള്‍, ഉളുക്ക്, തേയ്മാനം, സന്ധിവേദന മറ്റേതെങ്കിലും കാരണങ്ങള്‍ എന്നിവ മൂലവും കാല്‍മുട്ടിന് വേദന അനുഭവപ്പെടാം. നമ്മുടെ ശരീരത്തെ താങ്ങിനിര്‍ത്തുന്ന പ്രധാനപ്പെട്ട സന്ധി ആയതിനാല്‍ തന്നെ മുട്ടുവേദന ചിലപ്പോള്‍ അസഹ്യമാകാറുണ്ട്.

കൃത്യസമയത്ത് ചികിത്സിക്കുകയോ നിയന്ത്രിക്കുകയോ ചെയ്തില്ലെങ്കില്‍ ഈ വേദന നമ്മുടെ ശരീരത്തിന്റെ മുഴുവന്‍ ചലനത്തെ തന്നെയും ബാധിക്കും. ദുര്‍ബലപ്പെടുത്തുന്ന പല ലക്ഷണങ്ങളും കാല്‍മുട്ട് വേദനയിലേക്ക് നയിച്ചേക്കാം. തടി കൂടുതലുള്ളവര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. കാല്‍മുട്ടിലെ സന്ധികള്‍ ദുര്‍ബലമാകുക, എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നം തുടങ്ങിയ പലതും ഇതിന് കാരണമാകുന്നു. കാല്‍മുട്ടിന് സഹിക്കാനാകാത്ത വേദന നല്‍കുന്ന ഒന്നാണിത്. പലര്‍ക്കും കാല്‍മുട്ടിലെ ചിരട്ട എന്നറിയപ്പെടുന്ന ഭാഗം മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയ തന്നെ വേണ്ടി വരുന്നു.

ലക്ഷണങ്ങള്‍

1. വേദനയും കാഠിന്യവും

2. വീക്കവും ചുവപ്പും

3. സ്പര്‍ശനത്തില്‍ ചൂട്

4. അസ്ഥിരതയും മുട്ടുകള്‍ നേരെയാക്കാനുള്ള കഴിവില്ലായ്മയും

5. കാല്‍മുട്ട് സന്ധികള്‍ ചലിപ്പിക്കുമ്പോള്‍ ക്രഞ്ചിംഗ് ശബ്ദങ്ങള്‍

കാല്‍മുട്ട് വേദനയ്ക്ക് കാരണം

ജീവിത ശൈലിയിലെ ദോഷകരമായ ശീലങ്ങള്‍ പലപ്പോഴും ശരീരത്തെ ബാധിക്കാറുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം തുടങ്ങിയ കാര്യങ്ങളില്‍ ഉണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങള്‍ ആരോഗ്യത്തെ വളരെ ഗുരുതരമായി ബാധിക്കുന്നു. അതിന്റെ പാര്‍ശ്വഫലങ്ങളായി അനുഭവപ്പെടുന്ന പ്രശ്‌നങ്ങളാണ് മുട്ടുവേദനയും പുറം വേദനയും എല്ലാം. സന്ധിവാതം, ആര്‍ത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ മറ്റു കാരണങ്ങളില്‍പെടും. കാല്‍മുട്ടുവേദന പതിവായി അലട്ടുന്നുവെങ്കില്‍ ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. പലര്‍ക്കും ഇത്തരം പൊടിക്കൈകള്‍ ഉപയോഗിച്ച് അസുഖം ഭേദമാകാറുണ്ട്. എങ്കിലും വേദന കുറവില്ലെങ്കില്‍ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

തുളസി

ആന്റി-റുമാറ്റിക്, ആന്റിസ്പാസ്‌മോഡിക് ഗുണങ്ങളുള്ള ഒരു ഔഷധ ചെടിയാണ് തുളസി. ഇതിന്റെ ഇലകള്‍ ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് കുറച്ച് നേരം തിളപ്പിക്കുക. 10 മിനിറ്റ് കഴിഞ്ഞതിനുശേഷം അരിച്ചെടുത്ത് കുടിക്കുക. ദിവസവും മൂന്നോ നാലോ കപ്പ് വീതം ഈ തുളസി ചായ ഉണ്ടാക്കി കുടിക്കുക. ഐസ് അല്ലെങ്കില്‍ ഐസ് പായ്ക്കുകള്‍ വേദനയുള്ള ഭാഗത്ത് ഒരു ദിവസം രണ്ടോ മൂന്നോ തവണ വച്ച് തടവുന്നത് നീര്‍വീക്കവും വേദനയും കുറയ്ക്കാന്‍ സഹായിക്കുന്നു. ഇളം ചൂടുള്ള പാഡും പ്രയോഗിക്കാം.

ഇഞ്ചി

ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് ഇഞ്ചി. മുട്ടുവേദനയെ പ്രതിരോധിക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ് ഇഞ്ചി. ഇതില്‍ ജിന്‍ജേറോള്‍ എന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് വീക്കം ഉണ്ടാകുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. അതുപോലെ ഇഞ്ചി ചായ ഉണ്ടാക്കി കുടിക്കുന്നതും നല്ലതാണ്. കുറച്ചു ചൂട് വെള്ളത്തില്‍ കുറച്ചു തേന്‍, ചെറു നാരങ്ങ, ഇഞ്ചി എന്നിവ ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് മുട്ടുവേദനക്ക് ആശ്വാസം നല്‍കാന്‍ സഹായിക്കുന്നു.

നാരങ്ങയും ഒലീവ് ഓയിലും

നാരങ്ങയും ഒലീവ് ഓയിലും മുട്ടുവേദനയ്ക്ക് പരിഹാരം നല്‍കുന്ന മറ്റൊരു ഘടകമാണ്. ഒരു ചെറുനാരങ്ങയുടെ തൊലിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെറുനാരങ്ങയുടെ പുറംഭാഗത്തെ തൊലി ഗ്രേറ്റ് ചെയ്തെടുക്കുക. ഈ തൊലി ഒരു ഗ്ലാസ് ജാറില്‍ ഇടുക. ഇതിന് മീതേ ഒലീവ് ഓയില്‍ ഒഴിച്ചു വയ്ക്കണം. ഇത് അധികം സൂര്യപ്രകാശം കടക്കാത്ത സ്ഥലത്ത് രണ്ടാഴ്ച അടച്ചുവയ്ക്കുക. അതിനുശേഷം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

രണ്ടാഴ്ചയ്ക്കുശേഷം ഈ മിശ്രിതം എടുക്കുക. ഇതില്‍ കട്ടി കുറഞ്ഞ കോട്ടന്‍ തുണിയോ ബാന്‍ഡേഡ് തുണിയോ മുക്കി കാല്‍മുട്ട് ഭാഗത്ത്, അതായത് വേദനയുള്ള ഭാഗത്ത് കെട്ടി വയ്ക്കുക. രാത്രി മുഴുവന്‍ ഇത്തരത്തില്‍ വച്ചാല്‍ വേദനയ്ക്ക് ശമനമാകും.

മഞ്ഞള്‍

മുട്ട് വേദനയെ പ്രതിരോധിക്കുന്നതില്‍ മഞ്ഞളും നല്ലൊരു ഘടകമാണ്. മഞ്ഞളില്‍ കാണപ്പെടുന്ന ആന്റി-ഇന്‍ഫ് ളമേറ്ററി രാസവസ്തുവായ കുര്‍ക്കുമിന് ആന്റി ഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് മുട്ട് വേദന വരുത്തുന്ന കാരണങ്ങളെ ചെറുക്കുന്നു. അര ടീസ്പൂണ്‍ വീതം ഇഞ്ചി, മഞ്ഞള്‍ എന്നിവ ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് പത്ത് മിനിറ്റ് നേരം തിളപ്പിക്കുക. അതിനു ശേഷം അരിച്ചെടുത്ത്, അതിലേക്ക് അല്പം തേന്‍ ചേര്‍ക്കുക. ദിവസത്തില്‍ രണ്ടു നേരം സേവിക്കുക. മുട്ടുവേദന പമ്പ കടക്കും.

കടുകെണ്ണ

കടുകെണ്ണയും നല്ലൊരു പരിഹാരമാണ്. കടുകെണ്ണ ചൂടാക്കുക. ഒരു നാരങ്ങയുടെ പകുതി എടുത്ത് ഇതിലെ നീര് പിഴിഞ്ഞു മാറ്റുക. കടുകെണ്ണയില്‍ ഈ നാരങ്ങാത്തൊലി മുക്കി വേദനയുളള ഭാഗത്തു വച്ചു കെട്ടുക. ഇതേ രീതിയില്‍ ഒന്നു രണ്ടു മണിക്കൂര്‍ രാത്രി കിടക്കാന്‍ നേരത്ത് കെട്ടി വയ്ക്കുക. കാല്‍മുട്ട് വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇത് അടുപ്പിച്ചു ചെയ്യാം. ഇതല്ലാതെ കടുകെണ്ണ ചൂടാക്കി ഈ ഭാഗത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുന്നതും ഗുണം നല്‍കും.

Related Articles
Next Story
Share it