ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ; കണ്ടെത്തിയത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്

ഉത്തര്‍പ്രദേശ്: മഹാകുംഭമേളയുടെ ഭാഗമായി ആളുകള്‍ ഏറ്റവും കൂടുതല്‍ പുണ്യസ്‌നാനം ചെയ്ത പ്രയാഗ് രാജില്‍ ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മഹാകുംഭമേളയുടെ ഭാഗമായി ഇതിനകം 50 കോടിയിലധികം പേരാണ് പുണ്യസ്‌നാനത്തിനായി പ്രയാഗ് രാജിലെത്തിയത്.
മഹാ കുംഭ വേളയില്‍ പ്രയാഗ്രാജിലെ വിവിധ സ്ഥലങ്ങളില്‍ മനുഷ്യ വിസര്‍ജ്യത്തില്‍ രൂപപ്പെടുന്ന കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം കണ്ടെത്തിയതിനാല്‍ ഇവിടങ്ങളില്‍ കുളിക്കാനും പുണ്യസ്‌നാനത്തനും അനുയോജ്യമല്ലെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
എന്താണ് കോളിഫോം ബാക്ടീരിയ?
മൃഗങ്ങളുടെയും മനുഷ്യരുടെയും കുടലിലാണ് കോളിഫോം ബാക്ടീരിയ കാണപ്പെടുന്നത്. മൃഗങ്ങളുടെയും മനുഷ്യരുടെയും കുടലില്‍ നിന്ന് പുറന്തള്ളുന്ന വിസര്‍ജ്യത്തില്‍ നിന്ന് ഉത്ഭവിക്കുന്ന വൈറസുകള്‍, അല്ലെങ്കില്‍ മറ്റ് ബാക്ടീരിയകള്‍ ഉള്‍പ്പെടെയുള്ള രോഗകാരികള്‍ ആണിത്. ജലസ്രോതസ്സുകള്‍ക്ക് സമീപം വിസര്‍ജനം നടത്തുന്നതും സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിക്കുന്നതും ഓടകളിലെ വെള്ളം ജലസ്രോതസ്സുകളിലേക്ക് ഒഴുക്കി വിടുന്നതും ജലത്തില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടാക്കുന്നു.ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ഗുരുതരമായ അണുബാധകള്‍ എന്നിവയുള്‍പ്പെടെ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.