മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍ അറിയാം

മുരിങ്ങയും അതിന്റെ ഇലയും കായയും പൂവും എല്ലാം ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതെല്ലാം തന്നെ നമ്മുടെ തൊടിയില്‍ സുലഭമായി കിട്ടും. ഇവ കൊണ്ടുള്ള കറികള്‍ വളരെ രുചികരമാണ്. അതിനൊപ്പം തന്നെ നല്ല ആരോഗ്യ ഗുണങ്ങളും ഉണ്ട്.
വൈറ്റമിന്‍ സി, എ, കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീന്‍ എന്നീ ധാതുക്കള്‍ കൊണ്ട് സമ്പന്നമാണ് മുരിങ്ങ ഇല. ഒപ്പം ബീറ്റാ കരോട്ടിന്‍, അമിനോ ആസിഡ്, ആന്റി ഓക്‌സിഡന്റ് ആയ ഫെനോലിക്‌സ്, കരോട്ടിനോയ്ഡ്, അസ്‌കോര്‍ബിക് ആസിഡ്, ആന്റിഫംഗല്‍, ആന്റി വൈറല്‍, ആന്റി ഡിപ്രസന്റ്, ആന്റി ഇന്‍ഫ് ളമേറ്ററി സവിശേഷതകള്‍ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. മുരിങ്ങയിലയിലുള്ള വൈറ്റമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണ്. നാരുകള്‍ അടങ്ങിയതിനാല്‍ ശോധനത്തിനും നല്ലതാണ്.
മുരിങ്ങ ഇലകളില്‍ ശക്തമായ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാന്‍ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
മുരിങ്ങയില ഉപ്പുചേര്‍ത്ത് അരച്ച് നീരുള്ള ഭാഗങ്ങളില്‍ പുരട്ടിയാല്‍, നീര് വലിയുകയും വേദന കുറയുകയും ചെയ്യും. മുരിങ്ങയിലയിട്ട് വേവിച്ച വെള്ളത്തില്‍ ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് കഴിക്കുന്നത് ജീവിതശൈലീ രോഗങ്ങള്‍ തടയും. മുരിങ്ങയില ചായ ശരീരവേദനയ്ക്ക് ശമനമുണ്ടാക്കും. മുരിങ്ങയില ഉണക്കിപ്പൊടിച്ച് ചായപ്പൊടിക്ക് പകരമാക്കാം.
മുരിങ്ങയില ശരീരത്തിന്റെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുന്നു. തളര്‍ച്ച, ക്ഷീണം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളില്‍ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാന്‍ സഹായിക്കുന്നു.
പാരമ്പര്യ വൈദ്യശാസ്ത്ര പ്രകാരം മുരിങ്ങയില പതിവായി കഴിക്കുന്നത് ബുദ്ധിശക്തി വര്‍ധിപ്പിക്കുമെന്നാണ് പറയുന്നത്. കുട്ടികളുടെ ശരീരപുഷ്ടിക്കും, കൃമിശല്യം ഒഴിവാക്കാനും രക്തശുദ്ധീകരണത്തിനും മുരിങ്ങയില കഴിക്കുന്നത് നല്ലതാണ്. മുരിങ്ങയിലത്തോരന്‍ ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും, മുലയൂട്ടുന്നവര്‍ക്ക് മുലപ്പാല്‍ വര്‍ധിക്കാനും, പുരുഷ ബീജ വര്‍ധനയ്ക്കും സഹായകമാണ്.
മുരിങ്ങയില തേന്‍ ചേര്‍ത്ത് കഴിക്കുന്നത് തിമിര രോഗബാധയെ ചെറുക്കുന്നു. മുരിങ്ങയില ജ്യൂസ് ഉപ്പിട്ട് കുടിച്ചാല്‍ വായുകോപം ഒഴിവാക്കാം. ചര്‍മരോഗങ്ങളും അകാലനരയും ഇല്ലാതാക്കി ചെറുപ്പം നിലനിര്‍ത്താനും സഹായിക്കുന്നു. ഹൃദയം, വൃക്ക, കരള്‍ മുതലായ അവയവങ്ങളുടെ ആരോഗ്യത്തിനും, മൂലക്കുരു തടയുന്നതിനും ഉത്തമം.
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഹൃദയത്തെ സംരക്ഷിക്കാന്‍ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇല. സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും ഇത് സഹായിക്കുന്നു. ഇത് എല്ലുകളെ ശക്തമായി നിലനിര്‍ത്തുന്നു.
അതേസമയം മുരിങ്ങ അമിതമായി കഴിച്ചാല്‍ ദഹനക്കേടും വയറിളക്കവുമുണ്ടാകാം. ഗര്‍ഭാവസ്ഥയിലെ ആദ്യമാസങ്ങളില്‍ മുരിങ്ങ ഒഴിവാക്കാനും ശ്രദ്ധിക്കണം.