ഗര്‍ഭിണികളുടെ ഭക്ഷണ ക്രമങ്ങള്‍ അറിയാം

ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതുമെല്ലാം വളരെ പ്രയാസകരമായ കാര്യമാണ്. ഗര്‍ഭകാലം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം തന്നെയാണ്. ഭക്ഷണ കാര്യങ്ങളില്‍ എന്ന് വേണ്ട എല്ലാ കാര്യങ്ങളിലും ശ്രദ്ധവേണം. അമ്മമാര്‍ കഴിക്കുന്ന ഭക്ഷണമാണ് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണം. അതുകൊണ്ടുതന്നെ ഭക്ഷണ കാര്യങ്ങളില്‍ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധ കാണിക്കണം.

ഗര്‍ഭകാലത്ത് സാധാരണയായി കണ്ടുവരുന്ന പ്രശ്നമാണ് അസിഡിറ്റി. വയറുവീര്‍ത്തതായി തോന്നുക, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍, തുടങ്ങിയവയൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍. ഇത് ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. എണ്ണയും എരിവും കൂടിയ ഭക്ഷണം കഴിക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്.

ഒരുമിച്ച് കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി കുറച്ചു കുറച്ചായി കഴിക്കണം. ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും തമ്മില്‍ രണ്ടുമണിക്കൂര്‍ ഇടവേള എടുക്കണം. ഗര്‍ഭിണികള്‍ മൂന്നുലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. 15 മിനിറ്റെങ്കിലും നടക്കാന്‍ ശ്രദ്ധിക്കണം.

പോഷകാഹാരം വളരെയധികം നിര്‍ണായക പങ്ക് വഹിക്കുന്ന സമയമാണ് ഗര്‍ഭകാലം. അതുകൊണ്ടുതന്നെ ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ ഒമ്പതുമാസം വരെ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങളും പച്ചക്കറികളും എല്ലാം ധാരാളം കഴിക്കേണ്ടതാണ്. ഇത് കുഞ്ഞിനും അമ്മക്കും വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു.

ആരോഗ്യത്തോടെ മുന്നോട്ട് പോകാന്‍ ഗര്‍ഭകാലത്ത് ഓരോ മാസത്തിലും ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ആവശ്യമാണ്. അത്തരം ഭക്ഷണങ്ങളെ കുറിച്ച് അറിയാം.

ആദ്യ ത്രിമാസത്തില്‍:

ആദ്യത്തെ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള മാസങ്ങളില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം അല്‍പം സങ്കീര്‍ണമാണ്. കാരണം ഇത് കുഞ്ഞിന്റെ വളര്‍ച്ച തുടങ്ങുന്ന കാലഘട്ടമാണ്. ഈ സമയത്ത് അമ്മയ്ക്ക് മോണിംഗ് സിക്നസ് പോലുള്ള അവസ്ഥകളും ഉണ്ടാവുന്നു. ഇവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് ആദ്യമാസങ്ങളില്‍ കഴിക്കേണ്ടത്.

മാത്രമല്ല ഫോളിക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ശീലമാക്കണം. ചീര, ഓറഞ്ച്, ഫോര്‍ട്ടിഫൈഡ് സെറില്‍സ് തുടങ്ങിയവയില്‍ ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റെ തലച്ചോര്‍, നട്ടെല്ല് എന്നിവയുടെ വളര്‍ച്ചയ്ക്കാണ് ഫോളിക് ആസിഡ് പ്രധാനമായും ആവശ്യമാകുന്നത്. ഒപ്പം തന്നെ എന്തെങ്കിലും വിധത്തിലുള്ള പോഷകക്കുറവ് ഗര്‍ഭിണിയെ ബാധിക്കുന്നുണ്ട് എങ്കില്‍ ഇവയെ പ്രതിരോധിക്കാനും ഫോളിക് ആസിഡിന് കഴിയും. കൂടാതെ വിറ്റാമിന്‍ സിയും ഇയും നല്‍കുന്ന സ്ട്രോബെറിയും അവോക്കാഡോകളും കഴിക്കാവുന്നതാണ്.

രണ്ടാം ത്രിമാസത്തില്‍: അടുത്ത ഘട്ടമായ നാല് മാസം മുതല്‍ ആറ് മാസം വരെയുള്ള സമയങ്ങളില്‍ കുഞ്ഞിന്റെ വളര്‍ച്ച അതിന്റെ നിര്‍ണായക ഘട്ടത്തിലാണ്. ഈ സമയം കുഞ്ഞിന്റെ എല്ലുകള്‍ക്കും ആരോഗ്യം നല്‍കുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ വേണം കഴിക്കാന്‍. അതുകൊണ്ട് തന്നെ കാല്‍സ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് കുഞ്ഞിന്റെ അസ്ഥികളുടെ വളര്‍ച്ചക്ക് സഹായിക്കുന്നു. അതിനായി ബ്രോക്കോളിയും കാലെയും മികച്ച ഓപ്ഷനുകളാണ്. മാമ്പഴവും ആപ്രിക്കോട്ടും വിറ്റാമിന്‍ എ നല്‍കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്.

മൂന്നാം ത്രിമാസത്തില്‍: 7-9 മാസം അതായത് ഗര്‍ഭകാലത്തിന്റെ അവസാന ഘട്ടത്തില്‍ ഭക്ഷണത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കേണ്ടതാണ്. കാരണം ഈ സമയം രക്തത്തിന്റെ അളവ് വര്‍ദ്ധിക്കണം. അതിനായി ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ബീറ്റ് റൂട്ട്, മാതള നാരങ്ങ പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

കൂടാതെ പൊട്ടാസ്യം ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കണം. കാരണം ഈ സമയത്തുണ്ടാവുന്ന പേശിവേദനക്ക് പരിഹാരം കാണുന്നതിന് ഇത്തരം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് വഴി ഗര്‍ഭിണിക്കും ഗര്‍ഭസ്ഥശിശുവിനും നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ഗര്‍ഭകാലത്ത് സീസണല്‍ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുന്നത് സമീകൃതാഹാരം ഉറപ്പാക്കുന്നതോടൊപ്പം നിങ്ങളുടെ ക്ഷേമത്തിനും സഹായിക്കുന്നു.

Related Articles
Next Story
Share it