'ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ സര്‍ജിക്കല്‍ മോപ് മറന്നു വച്ചു'; ഡോക്ടര്‍ക്ക് 3 ലക്ഷം രൂപ പിഴ

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍ സര്‍ജിക്കല്‍ മോപ് മറന്നു വച്ചെന്ന സംഭവത്തില്‍ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ച് കോടതി. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ സുജ അഗസ്റ്റിന് ആണ് സ്ഥിരം ലോക് അദാലത്ത് പിഴ വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴ തുകയ്ക്ക് പുറമേ 10,000 രൂപ ചികിത്സാ ചെലവും 5,000 രൂപ കോടതി ചെലവും നല്‍കണമെന്നാണ് വിധി. 2022 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്ലാമൂട്ടുക്കട സ്വദേശി ജീതു( 24) ആണ് പരാതിക്കാരി.

ശസ്ത്രക്രിയ നടത്തിയ സമയത്ത് സര്‍ജിക്കല്‍ മോപ് ഗര്‍ഭപാത്രത്തില്‍ കുടുങ്ങിയത് അറിയാതെ മുറിവ് തുന്നിച്ചേര്‍ത്തു എന്നായിരുന്നു ജീതുവിന്റെ പരാതി. വീട്ടിലെത്തിയ ശേഷം സ്ഥിരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടായി. അസഹ്യമായ വയറുവേദന, പനി, മൂത്രത്തില്‍ പഴുപ്പ് തുടങ്ങിയവ പതിവായതോടെ ശസ്ത്രക്രിയ നടത്തിയ സുജ ഡോക്ടറെ പല തവണ കണ്ട് ചികിത്സ തേടിയെങ്കിലും വിശദമായ പരിശോധന നടത്തുന്നതിന് പകരം മരുന്നുകള്‍ നല്‍കി മടക്കി എന്നാണ് യുവതിയുടെ പരാതി.

ഒടുവില്‍ വേദന അസഹ്യമായതോടെ 2023 മാര്‍ച്ചില്‍ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ സ്‌കാനിംഗില്‍ ആണ് സിസേറിയന്‍ സമയത്ത് രക്തവും മറ്റും വലിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ മോപ് ഗര്‍ഭപാത്രത്തിനുള്ളില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ മറ്റൊരു ശസ്ത്രക്രിയയിലൂടെ സര്‍ജിക്കല്‍ മോപ് പുറത്തെടുത്തു. തുടര്‍ ചികിത്സകള്‍ക്കും മറ്റുമായി ഇരുപത് ദിവസത്തോളം ആശുപത്രിയില്‍ കഴിയേണ്ടി വരികയും ചെയ്തു. എന്നാല്‍, തന്റെ ഭാഗത്ത് വീഴ്ച ഇല്ലെന്നും സ്റ്റാഫ് നഴ്‌സാണ് ഉത്തരവാദിയെന്നുമായിരുന്നു ഡോക്ടറുടെ വാദം.

സിസേറിയന്‍ കഴിയുമ്പോള്‍ അതിനുവേണ്ടി ഉപയോഗിച്ച സാധനങ്ങളുടെ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം ഡോക്ടര്‍ക്കാണെന്ന് ലോക് അദാലത്ത് ചെയര്‍മാന്‍ പി.ശശിധരന്‍, അംഗങ്ങളായ വി.എന്‍.രാധാകൃഷ്ണന്‍, ഡോ.മുഹമ്മദ് ഷെറീഫ് എന്നിവര്‍ വ്യക്തമാക്കി.

ഡോക്ടര്‍ക്കെതിരെ ജീതുവിന്റെ കുടുംബം പരാതിയുമായി എത്തിയതോടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് വിഷയത്തില്‍ ഇടപെട്ട് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മെഡിക്കല്‍ സംഘത്തിന്റെ വിദഗ്ധ അഭിപ്രായം വേണമെന്നതിനാല്‍ കേസ്, നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷിച്ചത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നപ്പോള്‍ ഉള്ള ചികിത്സ സംബന്ധിച്ച രേഖകള്‍ പരിശോധിച്ചായിരുന്നു വിധി.

Related Articles
Next Story
Share it