ഒരു സ്ത്രീ അമ്മയാകുമോ ഇല്ലയോ എന്ന് ആര്‍ത്തവത്തിലൂടെ അറിയാം

വിവാഹം കഴിയുന്നതോടെ സ്ത്രീകളെ സംബന്ധിച്ച് അമ്മയാകുക എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞും ചിലര്‍ക്ക് അമ്മയാകാനുള്ള ഭാഗ്യം ഉണ്ടാകാറില്ല. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി പരിശോധനകള്‍ നടത്തി കുഴപ്പം ഉണ്ടോ എന്ന് കണ്ടെത്തി തുടര്‍ ചികിത്സകള്‍ നടത്തേണ്ടതാണ്. ഒരു സ്ത്രീ അമ്മയാകുന്നത് പ്രധാനമായും അവളുടെ ആര്‍ത്തവത്തെ ആശ്രയിച്ചിരിക്കും.

സ്ത്രീകളില്‍ പ്രത്യുല്‍പാദന ശേഷിയുമായി ബന്ധപ്പെട്ട ഒന്നാണ് ആര്‍ത്തവം അഥവാ മാസമുറ അഥവാ മെന്‍സസ്. ഇതിനു കാരണം ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ്. ഹോര്‍മോണുകളാണ് ആത്യന്തികമായി പ്രത്യുല്‍പാദനത്തിലേയ്ക്കു ശരീരത്തെ നയിക്കുന്നത്.

ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന്റെ ലക്ഷണമാണ് ആര്‍ത്തവം. അതായത് അവളുടെ ശരീരം പ്രത്യുല്‍പാദനത്തിന്, ഗര്‍ഭധാരണത്തിന് തയ്യാറായി എന്നതിന്റെ സൂചന. ആര്‍ത്തവം നിലയ്ക്കുമ്പോള്‍, അതായത് മെനോപോസാകുമ്പോള്‍ സ്ത്രീയുടെ ഗര്‍ഭധാരണ ശേഷി നഷ്ടപ്പെട്ടു എന്നാണ് അര്‍ത്ഥമാക്കുന്നത്.

ആര്‍ത്തവ ശേഷം നടക്കുന്ന ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനമാണ് ബീജവുമായി കൂടിച്ചേര്‍ന്ന് സന്താനോല്‍പാദനത്തിന് കാരണമാകുന്നത്. ആര്‍ത്തവം പല സ്ത്രീകളിലും പല തരത്തിലായിരിക്കും കാണപ്പെടുന്നത്. ചിലരില്‍ നീണ്ടു നില്‍ക്കും, ചിലരില്‍ കുറവാകും, ചിലരില്‍ വൈകി വരും, ചിലരില്‍ നേരത്തെ ഉണ്ടാകും. സ്ത്രീകളുടെ ഇത്തരം മാസമുറ മാറ്റങ്ങള്‍ പ്രത്യുല്‍പാദനത്തെ ബാധിക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ഭ്രൂണം

ഒരു ബഹുകോശ ജീവിയുടെ വികാസത്തിന്റെ പ്രാരംഭ ഘട്ടമാണ് ഭ്രൂണം. ബീജസങ്കലനം നടന്ന അണ്ഡം (സിക്താണ്ഡം) വികാസം പ്രാപിക്കുന്നതിന്റെ ആദ്യ ഘട്ടമാണ്. മനുഷ്യരില്‍ ബീജസങ്കലനത്തിനു ശേഷം ഏകദേശം ഒമ്പതാം ആഴ്ച വരെ ഭ്രൂണം എന്നും തുടര്‍ന്ന് ജനനം വരെ അതിനെ ഗര്‍ഭസ്ഥ ശിശു എന്നും വിളിക്കുന്നു.

സ്ത്രീയുടെ ശരീരത്തില്‍ നിന്നും വരുന്ന അണ്ഡവും ബീജവും തമ്മില്‍ സംയോഗമുണ്ടാകാതെയാകുമ്പോള്‍ യൂട്രസിലെ എന്‍ഡോമെട്രിയം ബ്ലീഡിംഗിലൂടെ പുറന്തള്ളപ്പെടുന്നു. ഇതാണ് മാസമുറ. അതായത് കുഞ്ഞിനായി തയ്യാറാക്കുന്ന എന്‍ഡോമെട്രിയം ഈ പ്രക്രിയ നടക്കാതിരിക്കുമ്പോള്‍ ശേഖരിച്ച രക്തം പുറന്തള്ളുന്നു. ഗര്‍ഭാശയ ഭിത്തിയില്‍ അതായത് എന്‍ഡോമെട്രിയത്തില്‍ പറ്റിപ്പിടിച്ചാണ് ഭ്രൂണത്തിന്റെ വളര്‍ച്ച ആരംഭിക്കുന്നത്.

സാധാരണ മാസമുറ

സാധാരണ മാസമുറയുടെ ദൈര്‍ഘ്യം 3-8 ദിവസം നീണ്ടുനില്‍ക്കുന്നു. ഇതിനെ സാധാരണ മെന്‍സസ് എന്നു പറയാം. ഇതുപോലെ സാധാരണ ആര്‍ത്തവ ചക്രത്തിന്റെ ദൈര്‍ഘ്യം 21-35 ദിവസം വരെയാണ്. മാസമുറ തുടങ്ങി ആദ്യദിവസം മുതല്‍ അടുത്ത മാസമുറ ആകുന്ന ദിവസം വരെയാണ് ചക്രത്തിന്റെ ദൈര്‍ഘ്യം.

കുറഞ്ഞ തോതിലെ രക്തം

ചിലരില്‍ ആര്‍ത്തവ ദിവസങ്ങളില്‍ വളരെ കുറഞ്ഞ തോതിലേ രക്തം പോകൂ. ചിലരില്‍ ഇത് ബ്രൗണ്‍ സ്‌പോട്ടിംഗ് പോലെ ഉണ്ടാകും. ഇതെല്ലാം പ്രത്യുല്‍പാദനത്തെ സംബന്ധിച്ചിടത്തോളം നല്ല ലക്ഷണങ്ങളല്ല.

ഇത്തരം കുറവ് ബ്ലീഡിംഗും കുറഞ്ഞ അളവുമെല്ലാം എന്‍ഡോമെട്രിയത്തില്‍ കുഞ്ഞിന് വളരാന്‍ ആവശ്യമായ, ഗര്‍ഭധാരണം ആരോഗ്യകരമാക്കാന്‍ ആവശ്യമായ ബ്ലഡ് സപ്ലെ ഇല്ല എന്നതിന്റെ സൂചനയാണ്. അതായത് യൂട്രസ് ലൈനിംഗ് തീരെ കട്ടി കുറഞ്ഞതാണ് എന്നാണ് ഇതിന് അര്‍ത്ഥം. ഇത്തരം അവസ്ഥയില്‍ കുഞ്ഞിന് സംരക്ഷണം നല്‍കാന്‍ സാധിക്കില്ല.

ചിലരില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ മാത്രമേ രക്തപ്രവാഹമുണ്ടാകൂ. എല്ലാ മാസവും കൃത്യമായി ആര്‍ത്തവം വരുന്നവരിലാണെങ്കില്‍ ഇത് പ്രശ്‌നം സൃഷ്ടിക്കുന്നില്ല. പ്രായമായ സ്ത്രീകളില്‍ ഇത് ആര്‍ത്തവം നിലയ്ക്കുന്നതിന്റെ ലക്ഷണമാകും. അതായത് ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ കുറയുന്നത് കാരണം എന്‍ഡെമെട്രിയം രൂപീകരിക്കുന്നില്ല എന്നാണ് കരുതേണ്ടത്.

പ്രത്യുല്‍പാദന പ്രായത്തിലെ സ്ത്രീകളില്‍ ഇത്തരം കുറഞ്ഞ ദിവസങ്ങളാണ് ആര്‍ത്തവമുണ്ടാകുന്നതെങ്കില്‍ ഇതിനു കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങളാകാം. ഇത് വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം.

ചില സ്ത്രീകളില്‍ ആര്‍ത്തവ ദിനങ്ങള്‍ കൂടുതല്‍ നീണ്ടു നില്‍ക്കാം. ബ്ലീഡിംഗും വയറു വേദനയുമെല്ലാം ഇത്തരക്കാരില്‍ കൂടുതലുണ്ടാകാം. ഇതും നല്ല ലക്ഷണമല്ല. ഇവരില്‍ ഓവുലേഷന്‍ സാധ്യതകള്‍ കുറവാണ്. ഓവുലേഷന്‍ ക്രമക്കേടുകളും കാണാം. ഇതെല്ലാം പ്രത്യുല്‍പാദനത്തിന് തടസം നില്‍ക്കുന്നവയാണ്.

ചില സ്ത്രീകളില്‍ ആര്‍ത്തവ സമയത്ത് അതി കഠിനമായ വയറു വേദനയുണ്ടാകാറണ്ട്. യൂട്രസ് കോണ്‍ട്രാക്ഷന്‍ കാരണമാണ് ഇത്തരം അവസ്ഥ ഉണ്ടാകുന്നത്. പ്രോസ്റ്റാഗ്ലാന്റിന്‍സ് എന്ന ഹോര്‍മോണാണ് ഇതിന് കാരണമാകുന്നത്. ഇതിന്റെ അളവു കൂടുമ്പോഴാണ് കഠിനമായ വേദനയുണ്ടാകുന്നത്. ഇതും ചില ഘട്ടത്തില്‍ ഗര്‍ഭധാരണത്തിന് തടസമാകും. മാത്രമല്ല, എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡുകള്‍ തുടങ്ങിയ ഗര്‍ഭധാരണ സാധ്യത കുറയ്ക്കുന്ന പല അസുഖങ്ങളുടെയും ലക്ഷണമാണ് ആര്‍ത്തവ സമയത്തെ കഠിനമായ വയറുവേദന.

അതുപോലെ ചിലരില്‍ ആര്‍ത്തവ സമയത്ത് കട്ടി പിടിച്ചു രക്തം പോകാറുണ്ട്. ഇത് നല്ലതല്ല. ആര്‍ത്തവ സമയത്ത് ശരീരം ആന്റികൊയാഗുലന്റുകള്‍ ഉല്‍പാദിപ്പിക്കും. ഇതാണ് രക്തം നേര്‍പ്പിച്ച് പോകാന്‍ സഹായിക്കുന്നത്. എന്നാല്‍ കൂടുതല്‍ രക്തപ്രവാഹമെങ്കില്‍ ഈ പ്രക്രിയ തടസപ്പെടും. രക്തം കട്ടിയായി യൂട്രസില്‍ തങ്ങും. ഇത് ടിഷ്യൂവും ഫൈബ്രിനും എല്ലാം അടങ്ങിയ അശുദ്ധ രക്തമാണ്. കുഞ്ഞിന്റെ വളര്‍ച്ചക്ക് ഇത് സഹായിക്കില്ല. ഈ അശുദ്ധ രക്തമാണ് പിന്നീട് കട്ടിയായി പുറത്തു വരുന്നത്.

ചിലരില്‍ എല്ലാ തവണയും ആര്‍ത്തവത്തില്‍ കൂടുതല്‍ ബ്ലീഡിംഗ് കാണപ്പെടും. ഇത് മെനോറേജിയ എന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. എന്‍ഡെമെട്രിയോസിസ് പോലുള്ള അവസ്ഥകളാണ് ഇതിനു കാരണം. ഇത്തരം അവസ്ഥകള്‍ ഗര്‍ഭധാരണം ബുദ്ധിമുട്ടാക്കും. എന്നാല്‍ യൂട്രസ് ഭിത്തിയിലെ സാധാരണ ബ്ലഡ് ക്ലോട്ടിംഗ് കാരണവും ഇത്തരം അവസ്ഥയുണ്ടാകാറുണ്ട്. ഇതിനെ പേടിക്കേണ്ടതില്ല.

ഷോര്‍ട്ട് സൈക്കിള്‍

ചിലരില്‍ 21 ദിവസത്തില്‍ കുറഞ്ഞ ആര്‍ത്തവ ചക്രം ഉണ്ടാകും. സാധാരണ ഗതിയില്‍ മെനോപോസിനോട് അനുബന്ധിച്ചാകും ഇത് ഉണ്ടാകുക. എന്നാല്‍ ഗര്‍ഭധാരണ സാധ്യതയുള്ളവരില്‍ ഇത് കുറവാണ്. ഇത്തരം അവസ്ഥ ചെറുപ്പക്കാരിലെങ്കില്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തും.

ഇവരില്‍ അണ്ഡോല്‍പാദനം കുറയുകയോ അണ്ഡത്തിന് സംയോഗം നടന്ന് ഭ്രൂണമായി ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിക്കാന്‍ കഴിയുന്നതിന് മുന്‍പായി അടുത്ത ആര്‍ത്തവത്തിലൂടെ ഇതു പുറന്തള്ളിപ്പോകുന്ന അവസ്ഥയോ ഉണ്ടാക്കുന്നു. അണ്ഡത്തിന് യൂട്രസ് ഭിത്തിയില്‍ പിടിക്കുവാന്‍ എത്തുവാന്‍ എടുക്കുന്ന സമയമാണ് ല്യൂട്ടിയല്‍ ഫേസ് എന്നറിയപ്പെടുന്നത്. ഈ ല്യൂട്ടിയല്‍ ഫേസ് കുറയുന്നു.

ലോംഗ് മെന്‍സ്ട്രല്‍ സൈക്കിള്‍ ലോംഗ്

35 ദിവസത്തില്‍ കൂടുതല്‍ ഇടവേള വരുന്ന മെന്‍സസ് ആണ് ഇത്. ഇവിടെ പ്രൊജസ്‌ട്രോണ്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ഈസ്ട്രജന്‍ ഗര്‍ഭാശയ ഭിത്തിയുടെ കട്ടി കൂട്ടുകയും ഇത് പിന്നീട് ഹെവി ബ്ലീഡിംഗ് ആയി മാറുകയും ചെയ്യുന്നു. ഇതും ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇവിടെ ഓവുലേഷന്‍ നടക്കാതിരിക്കുകയോ കൂടുതല്‍ സമയം എടുക്കുകയോ ചെയ്യും.

Related Articles
Next Story
Share it