മുഖത്ത് ആവി പിടിക്കൂ; അനുഭവിച്ചറിയാം ഈ ഗുണങ്ങള്‍

ചര്‍മ്മ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ഇന്നത്തെ തലമുറ. ഫെയ്‌സ് വാഷ് മുതല്‍ സെറം വരെ മുഖം തിളങ്ങാനും കരുവാളിപ്പ് മാറ്റാനും നിരവധി മാര്‍ഗങ്ങളാണ് ഉപയോഗിച്ചുവരുന്നത്. ഇതിനെല്ലാം പുറമെ ജനകീയമായ മറ്റൊരു വഴിയുണ്ട്. മുഖത്ത് ആവി പിടിക്കല്‍. നിരവധി ഗുണങ്ങളാണ് മുഖത്ത് ആവി പിടിക്കുന്നതിലൂടെ ലഭിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ചര്‍മ്മം കൂടുതല്‍ മൃദുവാക്കുന്നു. മുഖത്തുള്ള മാലിന്യങ്ങളും എണ്ണകളും ഇല്ലാതാക്കുന്നു.ഇതിനായി ഫെയ്‌സ് സ്റ്റീമറോ ചൂട് വെള്ളം പാത്രത്തില്‍ ഒഴിച്ചോ ആവി പിടിക്കാം. ഒപ്പം രക്തയോട്ടത്തിനും ആവി പിടിക്കുന്നത് ഗുണകരമാകും. സ്‌കിന്‍ കെയറിനായി ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഫലം പെട്ടെന്ന് ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.
ആഴ്ചയില്‍ ഒരു ദിവസം അഞ്ച് മിനിറ്റ് മുഖത്ത് ആവി പിടിക്കുന്നതിലൂടെ മുഖത്തെ പാടുകളുടെ തീവ്രത കുറക്കാനാവും. മുഖത്തെ രക്തയോട്ടം കൂടുന്നതോടെ ആരോഗ്യവും തിളക്കവും പ്രദാനം ചെയ്യുന്നു.
മുഖത്തിന്റെ ഉപരിതലത്തില്‍ ജലാംശം നല്‍കുന്നതിലൂടെ, നീരാവി ചര്‍മ്മത്തിലേക്ക് സെറമുകളുടെയും മോയ്സ്ചുറൈസറുകളുടെയും സ്വീകാര്യത വര്‍ധിപ്പിക്കുന്നു.ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
പതിവായി ഉണ്ടാകുന്ന തലവേദന നീരാവി ഉപയോഗിച്ച് കുറയ്ക്കാം. പ്രത്യേക അവശ്യ എണ്ണകള്‍ ചേര്‍ത്ത് നീരാവിയുടെ ഗുണം വര്‍ദ്ധിപ്പിക്കാന്‍ കഴിയും.ആഴ്ചയിലൊരിക്കല്‍ നടത്തേണ്ട ഈ എളുപ്പമുള്ള ദിനചര്യ ചര്‍മ്മത്തെ ശുദ്ധവും ഉന്മേഷപ്രദവുമാക്കും.
ആവി പിടിക്കുന്ന ഘട്ടങ്ങള്‍
ഘട്ടം 1: മൃദുവായ ക്ലെന്‍സറോ ഫെയ്‌സ്് വാഷോ ഉപയോഗിച്ച് മുഖം കഴുകുക. ഇത് ചെയ്യുന്നതിലൂടെ, മുഖം വൃത്തിയാക്കാനും ചര്‍മ്മത്തിലെ മൃതകോശങ്ങള്‍, അധിക എണ്ണ, അവശിഷ്ടങ്ങള്‍ എന്നിവ നീക്കം ചെയ്യാനും കഴിയും.
ഘട്ടം 2: ഒരു പാന്‍ അല്ലെങ്കില്‍ കെറ്റില്‍ ഏകദേശം അഞ്ച് കപ്പ് വെള്ളം നിറച്ച് തിളപ്പിക്കുക. വെള്ളം ഒരു പാത്രത്തിലേക്ക് മാറ്റണം. ലാവെന്‍ഡര്‍ അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ പോലുള്ള അവശ്യ എണ്ണകളും ചേര്‍ക്കാം.
ഘട്ടം 3: കുറച്ച് മിനിറ്റ് വെള്ളം വെറുതെ വെച്ചതിന് ശേഷം, പാത്രത്തില്‍ നിന്ന് ആവി കിട്ടാന്‍ മുഖം വളരെ അകലെ വയ്ക്കുക. തല ഒരു തൂവാല കൊണ്ട് മൂടുക, ആവി മുഖത്ത് പടരും.
ഘട്ടം 4: ഒപ്റ്റിമല്‍ ഫലങ്ങള്‍ക്കായി, ഫേഷ്യല്‍ സ്റ്റീമിംഗ് സെഷന്‍ അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നീണ്ടുനില്‍ക്കട്ടെ.
ഘട്ടം 5: ആവി പിടിക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം, മുഖം തുടച്ച് ഒരു ടോണര്‍ ഉപയോഗിക്കുക.