'കൂള്‍ ഡ്രിങ്ക്‌സ് കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്': സ്‌കൂളിലെ ഷുഗര്‍ ബോര്‍ഡ് ശ്രദ്ധയാകര്‍ഷിക്കുന്നു

കാസര്‍കോട്: കൂള്‍ ഡ്രിങ്ക്‌സ് അഥവാ ശീതള പാനീയങ്ങള്‍ കുടിക്കാന്‍ കുട്ടികള്‍ക്ക് എന്നും ആവേശമാണ്. ഇത്തരം പാനീയങ്ങളുടെ ഉപയോഗം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. നിരവധി കമ്പനികളാണ് ശീതള പാനീയങ്ങള്‍ ഇപ്പോള്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഇവ ഉപയോഗിക്കുന്നതിലൂടെ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് പലരും ബോധവാന്‍മാരല്ല. പ്രത്യേകിച്ച് കുട്ടികളാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. ഒരു ദിവസം പരമാവധി 25 ഗ്രാം പഞ്ചസാരയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ശിപാര്‍ശ ചെയ്യുന്നത്. അതായത് ഒരു ചെറിയ സ്പൂണില്‍ ഇത് 4.2 ഗ്രാം വരും. പായ്ക്ക് ചെയ്ത ജ്യൂസുകളിലും ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. സമീപകാല ഐ.സി.എം.ആര്‍ പഠനപ്രകാരം കുട്ടികള്‍ക്കിടയില്‍ 8.1 ശതമാനം പ്രമേഹരോഗികള്‍ ഉണ്ടെന്നാണ് കണക്ക്.
കുട്ടികളില്‍ വര്‍ധിച്ചുവരുന്ന പ്രമേഹരോഗം തടയുക എന്ന ലക്ഷ്യത്തോടെ മധുര പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് സൂചിപ്പിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍.ലയണ്‍സ് ക്ലബ്ബ് നേതൃത്വത്തില്‍ സ്ഥാപിച്ച ബോര്‍ഡില്‍ ജില്ലാ ഭരണകൂടത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും മുന്നറിയിപ്പുകളും ചേര്‍ത്തിട്ടുണ്ട്.ഓരോ ബ്രാന്‍ഡിലുള്ള പാനീയങ്ങളുടെ ബോട്ടിലിന്റെ ചിത്രവും ഒപ്പം അതിലടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവും തൊട്ടുതാഴെയുണ്ട്. 300 മില്ലി പാനീയത്തില്‍ എത്ര ടീസ്പൂണ്‍ പഞ്ചസാര ഉണ്ടെന്നാണ് ബോര്‍ഡിലുള്ളത്