മംഗളൂരു: ബലാത്സംഗത്തിനിരയായ കോളേജ് വിദ്യാര്‍ഥിനി മരണപ്പെട്ട കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഹൈക്കോടതി തള്ളി. ബെല്‍ത്തങ്ങാടി ഉജൈറിലെ എസ്.ഡി.എം കോളേജ് വിദ്യാര്‍ത്ഥിനിയായ സൗജന്യയുടെ മരണത്തില്‍ സി.ബി.ഐ പുനരന്വേഷണം നടത്തുന്നതിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് കെ. സോമശേഖര്‍ ആണ് ഹരജി നിരസിച്ചത്. ലോക്കല്‍ പൊലീസും സി.ബി.ഐയും കേസ് അന്വേഷിച്ചതായും സി.ബി.ഐ ഇതിനകം കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സി.ബി.ഐയുടെ പ്രത്യേക കോടതിയില്‍ വിചാരണയും നടന്നുവരികയാണ്. സി.ബി.ഐ നടത്തിയ അന്വേഷണം ഉചിതവും ന്യായയുക്തവുമാണ്. സന്തോഷ് റാവുവിന് കുറ്റകൃത്യവുമായി ബന്ധമുണ്ടെന്ന് മെഡിക്കല്‍ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഹരജിക്കാരന് കൂടുതല്‍ തെളിവുകള്‍ നല്‍കിയില്ലെങ്കില്‍, സി.ബി.ഐ ഇതിനകം അന്വേഷിച്ച കേസ് പുതുതായി അന്വേഷിക്കാന്‍ ഉത്തരവിടാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. ധീരജ് ജെയിന്, ഉദയ് ജെയിന്, മല്ലിക് ജെയിന് എന്നിവര്‍ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ശരിവെച്ചു. ഇവരെ അധിക പ്രതികളായി ഉള്‍പ്പെടുത്താനുള്ള സി.ബി.ഐ പ്രത്യേക കോടതിയുടെ നീക്കത്തെ ചോദ്യം ചെയ്ത് സമന്‍സ് അയക്കുകയും ചെയ്തു.