എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റ് ഹോട്ടലില്‍ മറന്നു; തുണയായി ജില്ലാ പൊലീസ് മേധാവിയുടെ ടീം എത്തി

കാസര്‍കോട്: പയ്യന്നൂരില്‍ നിന്ന് കാസര്‍കോട്ട് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ അഞ്ച് വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഹോട്ടലില്‍ മറന്നു. പരീക്ഷ തുടങ്ങാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയിരിക്കെ ഹാള്‍ ടിക്കറ്റില്ലാതെ ആശങ്കയിലായ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡി.പി.സി സ്‌ട്രൈക്കര്‍ തുണയായി എത്തി. ഇന്ന് രാവിലെയാണ് സംഭവം.പയ്യന്നൂരിലെ അനാഥാലയത്തില്‍ നിന്ന് ചട്ടഞ്ചാലിലെ എം.ഐ.സി. സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ പയ്യന്നൂര്‍ സ്വദേശികളായ 5 വിദ്യാര്‍ത്ഥികളാണ് ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ട് ഏറെ നേരം പരിഭ്രാന്തരായത്. കാസര്‍കോട് പുതിയ […]

കാസര്‍കോട്: പയ്യന്നൂരില്‍ നിന്ന് കാസര്‍കോട്ട് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ അഞ്ച് വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ചായ കുടിക്കാന്‍ കയറിയപ്പോള്‍ ഹോട്ടലില്‍ മറന്നു. പരീക്ഷ തുടങ്ങാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിയിരിക്കെ ഹാള്‍ ടിക്കറ്റില്ലാതെ ആശങ്കയിലായ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡി.പി.സി സ്‌ട്രൈക്കര്‍ തുണയായി എത്തി. ഇന്ന് രാവിലെയാണ് സംഭവം.
പയ്യന്നൂരിലെ അനാഥാലയത്തില്‍ നിന്ന് ചട്ടഞ്ചാലിലെ എം.ഐ.സി. സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ പയ്യന്നൂര്‍ സ്വദേശികളായ 5 വിദ്യാര്‍ത്ഥികളാണ് ഹാള്‍ ടിക്കറ്റ് നഷ്ടപ്പെട്ട് ഏറെ നേരം പരിഭ്രാന്തരായത്. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റില്‍ വന്നിറങ്ങിയ ഇവര്‍ പ്രാതലിനായി സമീപത്തെ ഹോട്ടലില്‍ കയറിയിരുന്നു. ഹോട്ടലില്‍ നിന്നിറങ്ങുമ്പോള്‍ ഹാള്‍ ടിക്കറ്റ് അടങ്ങിയ ബാഗ് എടുക്കാന്‍ മറന്നു. അഞ്ചുപേരുടേയും ഹാള്‍ ടിക്കറ്റുകള്‍ ഒരു ബാഗിലായിരുന്നു. ചട്ടഞ്ചാലിലെ സ്‌കൂളില്‍ എത്തിയപ്പോഴാണ് ബാഗ് എടുക്കാന്‍ മറന്ന കാര്യം ഇവരറിയുന്നത്. പരീക്ഷയ്ക്കുള്ള ബെല്ല് മുഴങ്ങാന്‍ മിനിട്ടുകള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. കുട്ടികള്‍ ഉടന്‍ ചെന്ന് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പൊലീസ് സ്റ്റേഷനില്‍ നിന്ന് ഉടന്‍ തന്നെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡി.പി.സി സ്‌ട്രൈക്കേര്‍സിലെ പൊലീസുകാരെ ശ്രീജിത്ത് എന്ന പൊലീസുകാരന്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡി.പി.സി സ്‌ട്രൈക്കറിലെ സബ് ഇന്‍സ്‌പെക്ടര്‍ പി.വി നാരായണന്‍ ഹോട്ടലിലെത്തി ഹാള്‍ ടിക്കറ്റുകള്‍ അടങ്ങിയ ബാഗ് കണ്ടെത്തി. സമയം ഒട്ടുംപാഴാക്കാതെ ഡി.പി.സി സ്‌ട്രൈക്കറിലെ അരുണ്‍, മുകേഷ് എന്നിവരുടെ കൈവശം അവരുടെ വാഹനത്തില്‍ സ്‌കൂളില്‍ എത്തിച്ച് ഹാള്‍ ടിക്കറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുകയും ചെയ്തു. അപ്പോഴേക്കും പരീക്ഷക്കുള്ള ബെല്‍ മുഴങ്ങാന്‍ നേരമായിരുന്നു. ഹാള്‍ ടിക്കറ്റ് കിട്ടിയതോടെ വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസംവീണു. അവര്‍ പൊലീസുകാര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Related Articles
Next Story
Share it