പരിമിതികളെ നീന്തിക്കടന്ന് സേവനങ്ങളില്‍ മുഴുകി ഹക്കീം

കാസര്‍കോട്: തന്റെ പരിമിതികളില്‍ ജീവിതത്തിന്റെ രോമാഞ്ചങ്ങളെ തളച്ചിടാന്‍ ഹക്കീം ഒരുക്കമല്ല. മറിച്ച് അപ്രാപ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ നിരന്തര പ്രയത്നത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി കാണിക്കുകയാണ് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ സ്വദേശി ഹക്കീം കമ്പാര്‍ എന്ന ചെറുപ്പക്കാരന്‍. മൂന്നാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച്, ഒമ്പതാം വയസ്സ് വരെ നടക്കാന്‍ പോലും കഴിയാതെ മാതാപിതാക്കള്‍ കയ്യിലെടുത്ത് നടന്നിരുന്ന ഹക്കീം ഇപ്പോള്‍ തിരക്കേറിയ വീഥികളിലൂടെ തന്റെ ടൂവീലറുമായി പായുകയാണ്. ആഴമുള്ള കുളങ്ങളിലേക്ക് എടുത്ത് ചാടും. പിന്നെ ദീര്‍ഘസമയം നീന്തും. കട്ടിലില്‍ കിടക്കുന്നത് പോലെ മിനുട്ടുകളോളം വെള്ളത്തില്‍ […]

കാസര്‍കോട്: തന്റെ പരിമിതികളില്‍ ജീവിതത്തിന്റെ രോമാഞ്ചങ്ങളെ തളച്ചിടാന്‍ ഹക്കീം ഒരുക്കമല്ല. മറിച്ച് അപ്രാപ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ നിരന്തര പ്രയത്നത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി കാണിക്കുകയാണ് മൊഗ്രാല്‍പുത്തൂര്‍ കമ്പാര്‍ സ്വദേശി ഹക്കീം കമ്പാര്‍ എന്ന ചെറുപ്പക്കാരന്‍. മൂന്നാമത്തെ വയസ്സില്‍ പോളിയോ ബാധിച്ച്, ഒമ്പതാം വയസ്സ് വരെ നടക്കാന്‍ പോലും കഴിയാതെ മാതാപിതാക്കള്‍ കയ്യിലെടുത്ത് നടന്നിരുന്ന ഹക്കീം ഇപ്പോള്‍ തിരക്കേറിയ വീഥികളിലൂടെ തന്റെ ടൂവീലറുമായി പായുകയാണ്. ആഴമുള്ള കുളങ്ങളിലേക്ക് എടുത്ത് ചാടും. പിന്നെ ദീര്‍ഘസമയം നീന്തും. കട്ടിലില്‍ കിടക്കുന്നത് പോലെ മിനുട്ടുകളോളം വെള്ളത്തില്‍ പൊങ്ങി മലര്‍ന്ന് കിടക്കും. അങ്ങനെ അംഗപരിമിതര്‍ ചെയ്യാന്‍ മടിക്കുന്ന പല കാര്യങ്ങളും അനായാസം ചെയ്യും. പൊതുപ്രവര്‍ത്തകന്‍ കൂടിയായ ഹക്കിം പലരുടെയും നീറുന്ന പ്രശ്നങ്ങളിലിടപെട്ട് ടൂവീലറില്‍ പല ഓഫീസുകളും കയറിയിറങ്ങുന്നത് നിത്യകാഴ്ചയാണ്. തന്റെ ഭിന്നശേഷിയില്‍ സങ്കടപ്പെട്ട് ജീവിതത്തിന്റെ നല്ല നിമിഷങ്ങളെ നഷ്ടപ്പെടുത്താന്‍ താന്‍ ഒരിക്കലും തയ്യാറല്ലെന്ന് ഈ 38കാരന്‍ പറയുന്നു. മനോധൈര്യം കൊണ്ട് എല്ലായിടത്തും ഓടിയെത്താന്‍ തനിക്ക് കഴിയുന്നു. പലപ്പോഴും സാധാരണ വ്യക്തിയെപ്പോലെയോ അതിനേക്കാളേറെയോ ഉപകാരം മറ്റുള്ളവര്‍ക്ക് ചെയ്ത് കൊടുക്കാന്‍ സാധിക്കാറുണ്ടെന്ന് ഹക്കിം പറയുന്നു.
വീടിനടുത്തുള്ള തോട്ടത്തിലെ ജോലി ചെയ്യാന്‍ അതിരാവിലെ തൂമ്പയുമായിറങ്ങും. സമയം ഒത്തുവന്നാല്‍ അവിടെയുള്ള കുളത്തിലേക്ക് എടുത്ത് ചാടും. ഒരു മണിക്കൂറോളം നീന്തല്‍ ആസ്വദിക്കും. അതുകഴിഞ്ഞ് ജോലിക്കായി തന്റെ സ്‌കൂട്ടറെടുത്തിറങ്ങും. ഇതോടൊപ്പം പലവിധ ആവശ്യങ്ങള്‍ക്ക് തന്നെ തേടിയെത്തുന്നവരുടെ വിഷയങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങും. കമ്പാര്‍ എല്‍.പി. സ്‌കൂളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ഹക്കിം പറയുന്നു. എന്‍.ജി.ഒ. യൂണിയന്‍ കാസര്‍കോട് ഏരിയാ കമ്മിറ്റി അംഗവും ഭിന്നശേഷിക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഡി.എ.ഡി.എഫ് എന്ന സംഘടനയുടെ ജില്ലാ കമ്മിറ്റി മെമ്പറും കൂടിയാണ്. ഡി.വൈ.എഫ്.ഐ കാസര്‍കോട് ബ്ലോക്ക് ജോ. സെക്രട്ടറി, സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ നേരത്തെ മത്സരിച്ചിരുന്നു.
ഭിന്നശേഷിക്കാര്‍ക്ക് കോവിഡ് വാക്സിനേഷന്‍ രജിസ്ട്രേഷനും മറ്റും അവരെ വാക്സിന്‍ കേന്ദ്രങ്ങളിലെത്തിക്കാനും സഹായം ചെയ്തുവരികയാണ്. ചെമനാട് ചളിയങ്കോട് സ്വദേശിനി സുമയ്യയാണ് ഭാര്യ. നാലാംക്ലാസ് വിദ്യാര്‍ത്ഥി ഷിസാന്‍, രണ്ടരവയസ്സുള്ള ഷെഹസാദ് എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it