ചെറിയ പെരുന്നാള്‍: സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

അബുദാബി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് യ.എ.ഇ. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ ഒന്ന് ചൊവ്വാഴ്ച വരെയാണ് സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി ലഭിക്കുക.
പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി ദിനങ്ങള്‍ നല്‍കാനുള്ള യുഎഇയുടെ തീരുമാനം എല്ലാവര്‍ക്കും ആഘോഷിക്കാന്‍ ന്യായമായ അവസരം നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ അവധി ബാധകമാണെന്ന് മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു.
മാര്‍ച്ച് ഒന്നിനാണ് യുഎഇയില്‍ റമദാന്‍ വ്രതം ആരംഭിച്ചത്. മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31നാണ് ചെറിയ പെരുന്നാളെങ്കില്‍ അവധി ഏപ്രില്‍ രണ്ട് വരെ നീളുമെന്നും യുഎഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
മാര്‍ച്ച് 29ന് മാസപ്പിറവി ദൃശ്യമായാല്‍ മാര്‍ച്ച് 30 ഞായറാഴ്ചയാകും പെരുന്നാള്‍ ദിനമായ ശവ്വാല്‍ ഒന്ന്. അതോടെ മാര്‍ച്ച് 30, 31 തീയതികളും ഏപ്രില്‍ ഒന്നും യു.എ.ഇയിലെ സ്ഥാപനങ്ങള്‍ക്ക് അവധിയാകും. എന്നാല്‍, മാര്‍ച്ച് 30ന് 30 നോമ്പും പൂര്‍ത്തിയാക്കിയാണ് പെരുന്നാള്‍ വരുന്നതെങ്കില്‍, മാര്‍ച്ച് 31, ഏപ്രില്‍ ഒന്ന്, രണ്ട് എന്നീ ദിവസങ്ങളിലാകും അവധി ലഭിക്കുക.