ഇന്ത്യ-യു.എ.ഇ വിമാന യാത്ര: ഇന്ത്യയുടെ ഹാന്‍ഡ് ബാഗേജ് നിയമം ഉടന്‍ നിലവില്‍ വരുമോ?
അബുദാബി: ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനങ്ങളില്‍ ഹാന്‍ഡ് ബാഗേജ് നിയന്ത്രങ്ങണങ്ങള്‍ ഏര്‍പ്പെടുത്തിക്കെണ്ടുള്ള ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തീരുമാനം യു.എ.ഇ-ഇന്ത്യന്‍ വിമാനങ്ങള്‍ക്കും ബാധകമാക്കും. യു.എ.ഇയിലെ ട്രാവല്‍ ഏജന്റുമാര്‍ ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിത്തുടങ്ങി. വിമാനത്തിനുള്ളിലേക്ക് കയ്യില്‍ ഒരു ബാഗ് മാത്രമേ അനുവദിക്കൂ എന്നും അത് ഏഴ് കിലോ ഗ്രാമില്‍ കൂടരുതെന്നുമാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ (ബി.സി.എ.എസ്) നിര്‍ദേശം. അതേസമയം വിഷയത്തില്‍ യു.എ.ഇയുമായ ഔദ്യോഗിക ആശയവിനിമയങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ നിന്ന് യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇതുവരെ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ നിയമങ്ങള്‍ ഉടന്‍ തന്നെ കര്‍ശനമായി നടപ്പാക്കുമെന്നാണ് കരുതുന്നത്. ബി.സി.എ.എസിന്റെ പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചെന്നും ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് ഈ നിയമങ്ങള്‍ എത്രയും വേഗം നടപ്പിലാക്കാന്‍ എയര്‍ലൈനുകള്‍ പദ്ധതിയിടുന്നുണ്ടെന്നും യു.എ.ഇയിലെ ട്രാവല്‍ ഏജന്‍സി ജനറല്‍ മാനേജര്‍ സഫീര്‍ മഹമൂദ് പറഞ്ഞു. ഇന്ത്യന്‍ വിമാനക്കമ്പനികളുടെ എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങള്‍ക്കും ഇത് ബാധകമാകും, അതിനാല്‍ യുഎഇയില്‍ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാര്‍ ഇത് ഓര്‍മ്മിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.