യു.എ.ഇയുടെ വിസ ഓണ്‍ എറൈവല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക്; ഇന്ത്യക്കും നേട്ടം

അബൂദബി: ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്കുള്ള വിസ നയത്തില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി യു.എ.ഇ.സാധാരണ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുള്ള വിസ ഇളവ് പദ്ധതി യു എ ഇ വിപുലീകരിച്ചു. ഫെബ്രുവരി 13 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമപ്രകാരം, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളില്‍ വിസ, റെസിഡന്‍സി പെര്‍മിറ്റ്, ഗ്രീന്‍ കാര്‍ഡ് ഉള്ള ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും. നേരത്തെ യു എസ്, യൂറോപ്യന്‍ യൂണിയന്‍, യു കെ എന്നിവിടങ്ങളില്‍ വിസയുള്ളവര്‍ക്കായിരുന്നു ഈ സൗകര്യം ഉണ്ടായിരുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുള്ള സാധുവായ റെസിഡന്‍സി പെര്‍മിറ്റുകളുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് യു എ ഇയിലെ എല്ലാ അംഗീകൃത എന്‍ട്രി പോയിന്റുകളിലും എന്‍ട്രി വിസ ലഭിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) വ്യക്തമാക്കി. പാസ്‌പോര്‍ട്ടുകള്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ സാധുത, ബാധകമായ ഫീസ് തുടങ്ങിയ രാജ്യത്തിന്റെ ചട്ടങ്ങള്‍ക്കനുസൃതമായാണ് വിസ ലഭിക്കുക.