പുതിയ വാടക സൂചികയുമായി ഷാര്‍ജ; വാടകക്കാരും ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കല്‍ ലക്ഷ്യം

ഷാര്‍ജ:എമിറേറ്റിന്റെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടുവരാനും നിക്ഷേപകര്‍ക്കിടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് പുതിയ വാടക സൂചിക ആരംഭിക്കാന്‍ ഷാര്‍ജ. എമിറേറ്റിലെ ആളുകള്‍ക്ക് അതത് പ്രദേശങ്ങളിലെ വാടക അറിയാന്‍ കഴിയുന്ന ഷാര്‍ജയുടെ ഭൂപടവുമായാണ് സൂചിക ഒരുക്കുന്നത്.

ഷാര്‍ജ റിയല്‍ എസ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ഷാര്‍ജ ഡിജിറ്റല്‍ ആണ് റെന്റല്‍ ഇന്‍ഡക്സ് പുറത്തിറക്കുന്നതെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയിലെ (എസ്സിസിഐ) റിയല്‍ എസ്റ്റേറ്റ് മേഖല ബിസിനസ് ഗ്രൂപ്പിന്റെ പ്രതിനിധി കമ്മിറ്റി ചെയര്‍മാന്‍ സയീദ് ഗാനേം അല്‍ സുവൈദി പറഞ്ഞു.ജനുവരി 22 മുതല്‍ 25 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന എക്സിബിഷനിലൂടെ സൂചിക പുറത്തിറക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സൂചിക, വാടക വിപണിയില്‍ കൂടുതല്‍ വ്യക്തത കൊണ്ടുവരാനും, വാടകക്കാരും ഭൂവുടമകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറയ്ക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

കെട്ടിടങ്ങളുടെ തരംതിരിവ്, കെട്ടിടങ്ങളിലെ പഴയതും പുതിയതുമായ വാടക കരാറുകള്‍, പ്രദേശത്തെ വാടക എന്നിവ ഉള്‍പ്പെടുന്ന 'സ്മാര്‍ട്ട് റെന്റല്‍ ഇന്‍ഡക്‌സ്' ഈ മാസം ആദ്യം ദുബായ് ആരംഭിച്ചിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it