ആരോഗ്യരംഗത്തെ 4 ജോലികളില്‍ സ്വദേശി വത്കരണം നടപ്പാക്കുന്നത് ഏപ്രില്‍ 17 മുതല്‍; പ്രവാസികള്‍ക്ക് തിരിച്ചടി

റിയാദ്: ആരോഗ്യരംഗത്തെ 4 ജോലികളില്‍ ഏപ്രില്‍ 17 മുതല്‍ സ്വദേശി വത്കരണം നടപ്പാക്കുമെന്ന് വ്യക്തമാക്കി അധികൃതര്‍. രാജ്യത്തെ സ്വകാര്യ മേഖലയില്‍ റേഡിയോളജി, ലബോറട്ടറികള്‍, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യന്‍ എന്നീ തൊഴിലുകള്‍ സ്വദേശിവത്കരിക്കാനുള്ള തീരുമാനമാണ് നടപ്പാക്കുന്നത്.

റേഡിയോളജിയുമായി ബന്ധപ്പെട്ട ജോലികളില്‍ 65 ശതമാനം, മെഡിക്കല്‍ ലബോറട്ടറികളില്‍ 70 ശതമാനം, ന്യൂട്രീഷ്യന്‍, ഫിസിയോ തെറാപ്പി തൊഴിലുകളില്‍ 80 ശതമാനവുമാണ് സ്വദേശിവത്കരണം നടത്തുന്നത്. രണ്ട് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുക എന്നും അധികൃതര്‍ വ്യക്തമാക്കി.

ആദ്യഘട്ടത്തില്‍ റിയാദ്, മക്ക, മദീന, ജിദ്ദ, ദമ്മാം, അല്‍ ഖോബാര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെ മുഴുവന്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളും ബാക്കി പ്രദേശങ്ങളിലെ വന്‍കിട ആരോഗ്യ സ്ഥാപനങ്ങളും ഉള്‍പ്പെടും. ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും മുഴുവന്‍ ആരോഗ്യസ്ഥാപനങ്ങളും ഉള്‍പ്പെടും.

സ്വകാര്യമേഖലയിലെ നാല് ആരോഗ്യ മേഖലകള്‍ക്കുള്ള സൗദിവല്‍ക്കരണ നിരക്ക് ഉയര്‍ത്താനുള്ള തീരുമാനങ്ങള്‍ 2024 ഒക്ടോബര്‍ 16നാണ് മാനവ വിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ തീരുമാനം നടപ്പാക്കുകയെന്നും ഉത്തരവ് പുറപ്പെടുവിച്ച് ആറ് മാസത്തിനുശേഷം ആദ്യഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

സൗദി പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും സ്വകാര്യ മേഖലയിലെ ആരോഗ്യ സംരക്ഷണത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനുമുള്ള സൗദി അറേബ്യയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ ഉത്തേജകവും ഉല്‍പ്പാദനക്ഷമവുമായ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള രണ്ട് മന്ത്രാലയങ്ങളുടെയും ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനങ്ങള്‍.

ദേശീയ കഴിവുകളെ പിന്തുണയ്ക്കുന്നതിലും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ നല്‍കി ശാക്തീകരിക്കുന്നതിലും ലേബര്‍ മാര്‍ക്കറ്റ് സ്ട്രാറ്റജിയുടെയും ആരോഗ്യ മേഖല പരിവര്‍ത്തന പദ്ധതിയുടെയും ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണിത്.

മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ ആവശ്യമായ സ്വദേശിവത്ക്കരണം, തൊഴിലുകള്‍, ശതമാനം എന്നിവ വിശദമാക്കുന്ന ഒരു നടപടിക്രമ ഗൈഡ് മാനവ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. പുതിയ നിയമം എല്ലാ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും അല്ലെങ്കില്‍ പിഴയടക്കമുള്ള ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Related Articles
Next Story
Share it