ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ വിസ നിയമങ്ങള്‍ ശക്തമാക്കി സൗദി അറേബ്യ
റിയാദ്: ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള തൊഴില്‍ വിസ നിയമങ്ങള്‍ ശക്തമാക്കി സൗദി അറേബ്യ.സൗദി അറേബ്യയിലേക്ക് തൊഴില്‍ വിസയ്ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ പ്രൊഫഷണല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ മുന്‍കൂട്ടി പരിശോധന നടത്തും . തൊഴില്‍ വിസകള്‍ നല്‍കുന്നതിനുള്ള പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ നടപടിക്രമങ്ങള്‍ ജനുവരി 14 മുതല്‍ നടപ്പാക്കിയതായി ഇന്ത്യയിലെ സൗദി മിഷന്‍ സര്‍ക്കുലറില്‍ അറിയിച്ചു. തൊഴില്‍ വിസകള്‍ നല്‍കുന്നതിന് പ്രൊഫഷണല്‍ വെരിഫിക്കേഷന്‍ നിര്‍ബന്ധിതമാക്കും.
സൗദി അറേബ്യയിലെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും ഗുണനിലവാര നിലവാരം നിലനിര്‍ത്തുന്നതിനും ലക്ഷ്യമിട്ട് പ്രീ-വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുന്നത് ആറ് മാസം മുമ്പ് നിര്‍ദ്ദേശിച്ചിരുന്നു.
സൗദി അറേബ്യയുടെ തൊഴില്‍ വിപണിയിലേക്കുള്ള സുഗമമായ പ്രവേശനം സാധ്യമാക്കുന്നതിനും നിലവിലുള്ള തൊഴിലാളികളെ നിലനിര്‍ത്തുന്നതിനും ഇത് ലക്ഷ്യമിടുന്നു. പുതിയ തീരുമാനം റിക്രൂട്ട്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിനൊപ്പം രാജ്യത്തെ തൊഴിലാളികളുടെ ഗുണനിലവാരം ഉയര്‍ത്താനും കാരണമാവുമെന്നാണ് കണക്ക്കൂട്ടല്‍ .പുതിയ നിയമങ്ങള്‍ പ്രകാരം, പ്രവാസി ജീവനക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും വിവരങ്ങളും പരിശോധിക്കാന്‍ സ്ഥാപന ഉടമകള്‍ക്കും എച്ച്ആര്‍ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കും. കൂടാതെ, എക്‌സിറ്റ്, റീ-എന്‍ട്രി വിസ എക്സ്റ്റന്‍ഷന്‍, ഇഖാമകള്‍ (റെസിഡന്‍സി പെര്‍മിറ്റുകള്‍) പുതുക്കല്‍ എന്നിവ സംബന്ധിച്ച പ്രവാസികള്‍ക്കുള്ള നിയമങ്ങളും സൗദി അറേബ്യ പരിഷ്‌കരിച്ചിട്ടുണ്ട്.