ഹജ്ജ് തീര്‍ഥാടനം: കുട്ടികളെ കൊണ്ടുവരുന്നതിന് വിലക്ക്

റിയാദ്: ഹജ്ജിനെത്തുന്ന തീര്‍ഥാടകര്‍ കുട്ടികളെ കൊണ്ടുവരുന്നതിനെ വിലക്കി സൗദി അറേബ്യ. തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മുന്‍പ് ഹജ്ജ് നിര്‍വഹിച്ചിട്ടില്ലാത്തവര്‍ക്കാണ് ഇത്തവണ മുന്‍ഗണനയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ വര്‍ഷത്തെ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ പൗരന്മാര്‍ക്കും വിദേശികള്‍ക്കും 'നുസ്‌ക്' ആപ്ലിക്കേഷന്‍ വഴിയോ ഇലക്ട്രോണിക് പോര്‍ട്ടല്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ ആരോഗ്യസ്ഥിതി, കൂടെയുള്ളവര്‍ എന്നിവ സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

അപേക്ഷ സ്വീകരിച്ചശേഷം പാക്കേജുകള്‍ ലഭ്യമായാല്‍ ഉടന്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവരെ വിവരം അറിയിക്കും. ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് പാക്കേജിനായുള്ള തുക മൂന്ന് ഘട്ടങ്ങളായി അടക്കാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ആദ്യത്തെ പേയ്‌മെന്റില്‍ പാക്കേജിന്റെ 20 ശതമാനം തുക അടക്കണം. ഇത് പാക്കേജ് ബുക്ക് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ അടച്ചാല്‍ മതിയാകും. പിന്നീട് 40 ശതമാനം വീതം രണ്ടും മൂന്നും ഘട്ടങ്ങളായി റമദാന്‍ 20നും ശവ്വാല്‍ 20നും അടച്ചാല്‍ മതിയാകും. തുക മുഴുവനായും അടച്ച് തീര്‍ന്നാല്‍ മാത്രമേ ബുക്കിങ് ഉറപ്പാകൂ എന്നും മന്ത്രാലയം വ്യക്തമാക്കി.

Related Articles
Next Story
Share it