ഇസ്ലാമിക ചരിത്രത്തിന്റെ സ്മരണകള്‍ ഉണര്‍ത്താന്‍ മക്കയില്‍ ഖുര്‍ആന്‍ മ്യൂസിയം ആരംഭിച്ചു

മക്ക: ഇസ്ലാമിക ചരിത്രത്തിന്റെയും വിശുദ്ധ ഖുര്‍ആന്‍ പൈതൃകത്തിന്റെയും സ്മരണകള്‍ ഉണര്‍ത്തുന്നതിനായി മക്കയില്‍ ഖുര്‍ആന്‍ മ്യൂസിയം ആരംഭിച്ചു. മക്ക റോയല്‍ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ജബലുന്നൂറിലെ ഹിറ കള്‍ചറല്‍ ഡിസ്ട്രിക്ടിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്.
ഇതോടെ സൗദി അറേബ്യ സന്ദര്‍ശിക്കാനെത്തുന്ന വിശ്വാസികള്‍ കണ്ടിരിക്കേണ്ട പ്രധാന സ്ഥലങ്ങളുടെ പട്ടികയിലേക്ക് ഖുര്‍ആന്‍ മ്യൂസിയവും ഇടംനേടിയിരിക്കയാണ്. മക്ക പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് ആണ് മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
മൂന്നാം ഖലീഫയായ ഉസ്മാന്‍ ബിന്‍ അഫാന്റെ ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതിയുടെ പകര്‍പ്പ്, ഖുര്‍ആന്‍ വാക്യങ്ങളുടെ ശിലാ ലിഖിതങ്ങള്‍, ഖുര്‍ആന്റെ അപൂര്‍വ്വ കൈയെഴുത്ത് പ്രതികള്‍, ചരിത്ര പകര്‍പ്പുകള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇന്ററാക്ടീവ് ഡിസ്‌പ്ലേ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ ഖുര്‍ ആന്‍ ചരിത്രവും അതിന്റെ സംരക്ഷണവും സന്ദര്‍ശകര്‍ക്ക് ആഴത്തില്‍ മനസിലാക്കാന്‍ സാധിക്കും. റമദാനിലുടനീളം വിശുദ്ധ ഖുര്‍ ആന്‍ മ്യൂസിയം തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
മക്കയുടെ ചരിത്രവും ആത്മീയതയും അനുഭവിച്ചറിയാന്‍ കഴിയുന്ന പ്രത്യേകയിടമാണ് 67,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ഹിറ കള്‍ച്ചറല്‍ ഡിസിട്രിക്ട്. പ്രവാചകന്‍ മുഹമ്മദ് നബിക്ക് ആദ്യ ദിവ്യവെളിപാട് ഉണ്ടായ ഹിറാ ഗുഹ കേന്ദ്രീകരിച്ച് മതപരമായ അനുഭവം സന്ദര്‍ശകര്‍ക്ക് ലഭിക്കാനുള്ള അവസരവും ഹിറ കള്‍ച്ചറല്‍ ഡിസിട്രിക്ട് പദ്ധതിയില്‍ ഒരുക്കിയിട്ടുണ്ട്. സൗദി കോഫി മ്യൂസിയം, കള്‍ച്ചറല്‍ ലൈബ്രറി, ഹിറ പാര്‍ക്ക് എന്നിവയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.