ബന്ധുക്കളില്ല: ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സൗദിയില്‍ സംസ്‌ക്കരിച്ചു

റിയാദ്: നാട്ടില്‍ ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ ഹൃദയാഘാതം മൂലം മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം സൗദിയില്‍ തന്നെ സംസ്‌ക്കരിച്ചു. കല്ലകുറിച്ചി സേരപ്പട്ടു കീരപള്ളി സ്വദേശി പ്രകാശന്റെ (27) മൃതദേഹമാണ് റിയാദ് പ്രവിശ്യയിലെ ലൈല അഫ്‌ലാജില്‍ സംസ്‌കരിച്ചത്.

സ്‌പോണ്‍സറുടെ കീഴില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്യുകയായിരുന്ന പ്രകാശന് നാട്ടില്‍ അടുത്ത ബന്ധുക്കളൊന്നും ഇല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലയക്കാന്‍ മാര്‍ഗമുണ്ടായിരുന്നില്ല. ഇതോടെ സൗദിയില്‍ തന്നെ സംസ്‌ക്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അവിവാഹിതനാണ് പ്രകാശന്‍. മാതാപിതാക്കള്‍ നേരത്തെ മരിച്ചുപോയി. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഉറ്റ ബന്ധുക്കളുടെ സമ്മതപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമായിരുന്നു.

വിഷയം ഏറ്റെടുത്ത ലൈല അഫ്‌ലാജ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ഭാരവാഹി മുഹമ്മദ് രാജയുടെ ശ്രമഫലമായി നാട്ടിലെ അകന്ന ബന്ധുക്കളെ കണ്ടെത്തി രേഖകള്‍ തരപ്പെടുത്തി നിയമനടപടികള്‍ പൂര്‍ത്തീകരിക്കുകയായിരുന്നു.

റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ്ങിന്റെ സഹായത്തോടെയാണ് റിയാദ് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കിയത്. പരേതരായ പച്ചിയ്യപ്പനും പഞ്ചാലിയുമാണ് പ്രകാശന്റെ മാതാപിതാക്കള്‍.

Related Articles
Next Story
Share it