ഒമാനില്‍ 'മിനി പൊതുമാപ്പ്'; പ്രവാസികള്‍ക്ക് ആശ്വാസം

മസ്‌കത്ത്: ഒമാനില്‍ വര്‍ക്ക് പെര്‍മിറ്റ് (വിസ) കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി പിഴയില്ലാതെ കരാര്‍ പുതുക്കാന്‍ സൗകര്യമൊരുക്കി തൊഴില്‍ മന്ത്രാലയം. തൊഴില്‍ മന്ത്രി ഡോ. മഹദ് അല്‍ ബുഅവിന്‍ ആണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ വിപണിയെ നിയന്ത്രിക്കുന്നതിനും എന്തെങ്കിലും പൊരുത്തക്കേടുകള്‍ പരിഹരിക്കുന്നതിനുമായി സര്‍ക്കാര്‍ ഇടയ്ക്കിടെ വിവിധ തിരുത്തല്‍ നടപടികള്‍ നടപ്പിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി എന്നും മന്ത്രി പറഞ്ഞു.
വര്‍ക്ക് പെര്‍മിറ്റ് പുതുക്കാത്തവര്‍ക്ക് പിഴയില്ലാതെ തൊഴില്‍ കരാര്‍ റദ്ദാക്കി രാജ്യം വിടുന്നതിനും സൗകര്യമുണ്ട്. മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് മാതൃകയിലാണ് പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനം മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത് എന്നും മന്ത്രി പറഞ്ഞു.
പദവി സ്ഥിരപ്പെടുത്തി രാജ്യത്ത് തുടരാനും ശരിയായ സാഹചര്യത്തില്‍ ജോലി ചെയ്യാനും പിഴയില്ലാതെ കരാര്‍ റദ്ദാക്കി മടങ്ങാനും ആഗ്രഹിക്കുന്നവര്‍ക്കും അവസരം തുറക്കുകയാണ് ഇതുവഴി മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും തൊഴില്‍ മന്ത്രി പറഞ്ഞു. ജൂലൈ 31 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. ഏഴ് വര്‍ഷത്തില്‍ കൂടുതലായുള്ള പിഴകള്‍ ഒഴിവാക്കി നല്‍കും. കോവിഡ് കാലയളവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്.
നിലവിലുള്ള എല്ലാ പിഴകളും ഫീസുകളും അധിക ബാധ്യതകളും റദ്ദാക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. തൊഴില്‍ മന്ത്രാലയം വെബ് സൈറ്റ് വഴിയും വിവിധ സേവന വിതരണ ഔട്ട് ലെറ്റുകള്‍ വഴിയും ഇതുമായി ബന്ധപ്പെട്ട അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.
രാജ്യത്ത് തുടരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി വീണ്ടും രണ്ട് വര്‍ഷത്തേക്ക് ഒമാനില്‍ തൊഴില്‍ ചെയ്യാനാകും. എന്നാല്‍, തൊഴിലുടമ തൊഴിലാളിയുടെ പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അവരുടെ സേവനങ്ങള്‍ അവസാനിപ്പിക്കാനും യാത്രാ ടിക്കറ്റ് നല്‍കാനും സൗകര്യമുണ്ട്.
10 വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന ലേബര്‍ കാര്‍ഡുകള്‍ റദ്ദാക്കിയതാണ് മറ്റൊരു നടപടി. ഈ കാലയളവില്‍ കാര്‍ഡ് ഉടമകള്‍ അനുബന്ധ സേവനങ്ങള്‍ക്ക് അപേക്ഷിക്കാത്തതിനാലാണ് റദ്ദാക്കിയിരിക്കുന്നത്. തൊഴിലാളി ഇവിടെ നിന്നും പോകല്‍, സേവന കൈമാറ്റം, ഒളിച്ചോടിയ തൊഴിലാളിയായി റജിസ്റ്റര്‍ ചെയ്യല്‍ എന്നിവകൊണ്ടായിരുന്നു പുതുക്കാത്തതെങ്കില്‍ കാര്‍ഡുകള്‍ വീണ്ടും ആക്ടിവേറ്റ് ചെയ്യാവുന്നതാണ്.
ഏഴ് വര്‍ഷം മുന്‍പ് ലേബര്‍ കാര്‍ഡുകള്‍ കാലഹരണപ്പെട്ട വ്യക്തികളുടെ എല്ലാ പിഴകളും കുടിശ്ശികകളും റദ്ദാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചിരുന്നു. 2017 ലും അതിന് മുന്‍പ് റജിസ്റ്റര്‍ ചെയ്ത കുടിശ്ശികകള്‍ അടക്കുന്നതില്‍ നിന്ന് വ്യക്തികളെയും ബിസിനസ് ഉടമകളെയും ഒഴിവാക്കിയിട്ടുണ്ട്.
ലിക്വിഡേറ്റ് ചെയ്ത കമ്പനികളുടെ തൊഴിലാളികളെ നാടുകടത്തുകയോ അവരുടെ സേവനങ്ങള്‍ മറ്റ് കക്ഷികള്‍ക്ക് കൈമാറുകയോ ചെയ്താല്‍, അവര്‍ക്കെതിരായ സാമ്പത്തിക ബാധ്യതകള്‍ എഴുതിത്തള്ളുമെന്നും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.