ഹറം പള്ളിയില്‍ ലഗേജ് ഓര്‍ത്ത് ഇനി ആശങ്ക വേണ്ട; സ്മാര്‍ട്ട് സംവിധാനം വിപുലപ്പെടുത്തി

മക്ക: ഹറം പള്ളിയില്‍ ലഗേജ് ഓര്‍ത്ത് തീര്‍ഥാടകര്‍ക്ക് ഇനി ആശങ്ക വേണ്ട. തീര്‍ഥാടകരുടെയും വിശ്വാസികളുടെയും ലഗേജ് സൂക്ഷിക്കാനുള്ള സ്മാര്‍ട്ട് ലഗേജ് സ്റ്റോറേജ് സൗകര്യം വിപുലപ്പെടുത്തി. ഗ്രാന്‍ഡ് മോസ്‌കിന്റെയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറല്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രാര്‍ഥനയ്ക്കിടെ ബാഗ് എവിടെ വയ്ക്കും എന്ന തീര്‍ഥാടകരുടെ ആശങ്കയ്ക്കാണ് ഇതോടെ പരിഹാരമാകുന്നത്. ഹറമിന്റെ പ്രധാന കവാടത്തില്‍ തന്നെ ലഗേജ് കൈമാറുകയും ഇവിടെ നിന്നുതന്നെ തിരിച്ചെടുക്കുകയും ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
ക്യൂ ആര്‍ കോഡ് അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന സ്മാര്‍ട്ട് സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. 6 കവാടങ്ങളില്‍ 24 മണിക്കൂറും സേവനം ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.
സേക്രഡ് മോസ്‌ക് അഥവ മക്കയിലെ ഗ്രേറ്റ് മോസ്‌ക് എന്നും അറിയപ്പെടുന്ന മസ്ജിദ് അല്‍-ഹറാമിലേക്കുള്ള സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനാണ് ഈ നടപടികൊണ്ട് ലക്ഷ്യമിടുന്നതെന്നും അധികൃര്‍ വ്യക്തമാക്കി.
അതോറിറ്റിയുടെ അഭിപ്രായത്തില്‍, സൗകര്യപ്രദമായ പിക്ക്-അപ്പ്, ഡ്രോപ്പ് സെന്ററുകളുടെ ലഭ്യത, പ്രധാന ഗേറ്റുകളിലെ സംഭരണ കേന്ദ്രങ്ങളിലും പിക്ക്-അപ്പ് പോയിന്റുകളിലും ലഗേജ് ശേഖരിക്കാനുള്ള സൗകര്യം. മസ്ജിദ് അല്‍-ഹറാമിലേക്ക് സന്ദര്‍ശകര്‍ക്ക് അവരുടെ സാധനങ്ങള്‍ കൊണ്ടുപോകാതെ തന്നെ സുരക്ഷിതമായി വയ്ക്കാന്‍ കഴിയുന്ന ലഗേജ് സംഭരണവും ലഭ്യമാണ്.