യു.എ.ഇയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കുന്നു; 320 ദിര്‍ഹം മുതല്‍ പോളിസി ആരംഭിക്കും

യു.എ.ഇ : 2025 മുതല്‍ യുഎഇയിലുടനീളമുള്ള ജീവനക്കാര്‍ക്കും തദ്ദേശ തൊഴിലാളികള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ബന്ധമാക്കും. ജനുവരി 1 മുതല്‍, ഷാര്‍ജ, അജ്മാന്‍, ഉം അല്‍ ഖുവൈന്‍, റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ തൊഴിലുടമകള്‍ റസിഡന്‍സി പെര്‍മിറ്റുകള്‍ നല്‍കുന്നതിനും പുതുക്കുന്നതിനും അവരുടെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി നല്‍കേണ്ടി വരും. ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയത്തിന്റെ (MoHRE) പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസി നിര്‍ബന്ധിതമാക്കുന്ന പദ്ധതി കുടുംബാംഗങ്ങള്‍ക്കും ബാധകമാകുമെന്നാണ് വ്യവസായ എക്സിക്യൂട്ടീവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. കമ്പനികളുടെ ഇന്‍ഷൂറന്‍സ് ജീവനക്കാര്‍ക്ക് മാത്രമേ ലഭിക്കൂ എന്നുള്ളതിനാല്‍ ജീവനക്കാര്‍ തന്നെ അവരുടെ കുടുംബങ്ങളെ ഒരു ഇന്‍ഷുറന്‍സ് പ്ലാനിന് കീഴില്‍ കൊണ്ടുവരേണ്ടി വന്നേക്കാം.

ജീവനക്കാരുടെ ആശ്രിതരുടെയും കുടുംബാംഗങ്ങളുടെയും വിസ നടപടികള്‍ക്കായി സ്‌പോണ്‍സര്‍മാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ആവശ്യമാണെന്ന് പോളിസി ബസാര്‍ എ.ഇ സിഇഒ നീരജ് ഗുപ്ത പറഞ്ഞു.ദുബൈ, അബുദാബി എന്നിവയ്ക്ക് അനുസൃതമായി സ്‌പോണ്‍സര്‍മാരുടെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്താന്‍ നിലകൊള്ളുമെന്ന് ഇന്‍ഷുറന്‍സ്.എഇ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ ഹിതേഷ് മോട്വാനി പറഞ്ഞു.യു.എ.ഇ ആരോഗ്യ ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ അനുസരിച്ച് നോര്‍ത്തേണ്‍ എമിറേറ്റ്സിലെ സ്പോണ്‍സര്‍മാര്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കേണ്ടതുണ്ടെന്ന് യൂണിറ്റ്ട്രസ്റ്റ് ഇന്‍ഷുറന്‍സ് ബ്രോക്കറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൊയിന്‍ ഉര്‍ റഹ്‌മാന്‍ പറഞ്ഞു.

അടിസ്ഥാന ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജ് പ്രതിവര്‍ഷം 320 ദിര്‍ഹം മുതല്‍ ആരംഭിക്കുമെന്ന് ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം വ്യക്തമാക്കി. അടിസ്ഥാന ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം, ഒരു വയസ്സ് മുതല്‍ 64 വയസ്സ് വരെ പ്രായമുള്ള വ്യക്തികളെ പോളിസിയില്‍ ഉള്‍ക്കൊള്ളിക്കാം. ഈ പ്രായത്തിലുള്ളവര്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കണം.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it