താമസ സ്ഥലത്തെ മാലിന്യം കളയുന്നതിനിടെ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതരമായ പരിക്ക്

കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിനാണ് പരിക്കേറ്റത്

സലാല: താമസ സ്ഥലത്തെ മാലിന്യം കളയുന്നതിനിടെ മാന്‍ഹോളില്‍ വീണ് മലയാളി നഴ്‌സിന് ഗുരുതരമായി പരിക്കേറ്റു. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലെ മാന്‍ഹോളില്‍ വീണാണ് കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന് (34) ഗുരുതരമായി പരിക്കേറ്റത്.

സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ മസ് യൂന എന്ന പ്രദേശത്ത് ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ആരോഗ്യ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സായ ലക്ഷ്മി, താമസ സ്ഥലത്തെ മാലിന്യം കളയാന്‍ ബലദിയ ഡ്രമിനടുത്തേക്ക് പോകുന്നതിനിടെ കാല്‍തെറ്റി മാന്‍ ഹോളിലേക്ക് വീണതെന്നാണ് പ്രാഥമിക വിവരം.

ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ഭര്‍ത്താവും കുട്ടിയും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്. ഇവര്‍ ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്ന് സലാലയിലെത്തുന്നത്. മസ്യൂനയിലെ ഹെല്‍ത്ത് സെന്ററിലാണ് ജോലി ചെയ്തിരുന്നത്.

Related Articles
Next Story
Share it