പ്രവാസികള്‍ക്ക് നീണ്ട അവധി ; ബലി പെരുന്നാള്‍ അവധി 5 ദിവസം

അബുദാബി: ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമായ ബലിപെരുന്നാളിനോടനുബന്ധിച്ച് അറബ് രാജ്യങ്ങളില്‍ അവധി പ്രഖ്യാപിച്ചുതുടങ്ങി. നീണ്ട അഞ്ച് ദിവസം വരെയാണ് അവധി. പ്രവാസികളെ സംബന്ധിച്ചും അവധി ഏറെ ആശ്വാസകരമാകും. ഖത്തറില്‍ ബലി പെരുന്നാള്‍ അവധി അഞ്ച് ദിവസമാക്കിയ മന്ത്രിസഭാ തീരുമാനത്തിന് അംഗീകാരം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാവും. രാജ്യത്തിന്റെ ഔദ്യോഗിക പൊതു അവധി ഏതൊക്കെ ദിവസങ്ങളിലാണെന്ന് മന്ത്രിസഭാ യോഗം തീരുമാനം കൈക്കൊണ്ടിരുന്നു. ഈ തീരുമാനത്തിന് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് അവധി ദിനങ്ങള്‍ തീരുമാനിക്കപ്പെട്ടത്. ദുല്‍ഹജ്ജിന്റെ 9ാം ദിനം മുതല്‍ 13ാം ദിനം വരെയാണ് അവധി തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ , ഏജന്‍സികള്‍, പൊതുസ്ഥാപനള്‍ എന്നിവയ്‌ക്കെല്ലാം ജൂണ്‍ 5 മുതല്‍ 9 വരെ ദിവസങ്ങളില്‍ അവധി ആയിരിക്കും. ജൂണ്‍ ആറിനായിരിക്കും ബലിപെരുന്നാള്‍ എന്നാണ് നിലവിലെ അനുമാനം.

കുവൈത്തില്‍ അഞ്ച് ദിവസം തന്നെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ യു.എ.ഇയുടെ പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. യു.എ.ഇയിലും ബലിപ്പെരുന്നാള്‍ ജൂണ്‍ ആറിന് ആവാനാണ് സാധ്യതയെന്ന്് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ചെയര്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ സൂചിപ്പിച്ചു. മെയ് 28ന് ദുല്‍ബജ്ജ് ആദ്യ ദിനമായിരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും ചന്ദ്രനെ കണ്ടതിന് ശേഷമായിരിക്കും അന്തിമ തീയതി തീരുമാനിക്കുക.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it