കുവൈത്തില്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതല്‍ പ്രവാസികളെ നിയമിക്കില്ല

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി കുവൈത്ത് സര്‍ക്കാരിന്റെ പുതിയ തീരുമാനം. വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതല്‍ പ്രവാസികളെ നിയമിക്കില്ലെന്ന ഉത്തരവാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. മന്ത്രി ഖലീഫ അല്‍ അജീല്‍ ആണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ ജോലികളില്‍ പ്രവാസി ജീവനക്കാരുടെ എണ്ണം കുറക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രവാസികളുടെ നിയമനം നിര്‍ത്തലാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പൊതു മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി ഭൂരിഭാഗം സര്‍ക്കാര്‍ ജോലികളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കാനായി അടുത്തിടെ വലിയ ക്യാംപെയ്ന്‍ തുടങ്ങിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 31 കഴിഞ്ഞാല്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കില്ലെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് പ്രവാസികളെയാണ് ഇതു ബാധിക്കുന്നത്.
അതേസമയം പ്രവാസികള്‍ക്ക് പകരമായി ഉയര്‍ന്ന വൈദഗ്ധ്യമുള്ള സ്വദേശികളെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ വലിയ വെല്ലുവിളികളും നേരിടുന്നുണ്ട്. നിലവിലെ കണക്ക് പ്രകാരം കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ നിലവില്‍ 1,20,000 പ്രവാസികളാണ് ജോലി ചെയ്യുന്നത്. മന്ത്രാലയങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളുള്‍പ്പെടെ പൊതു മേഖലയില്‍ മൊത്തത്തില്‍ 23 ശതമാനം ജീവനക്കാരും പ്രവാസികളാണ്. ഇവരില്‍ 55 ശതമാനം പേരും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് പകരമായി സ്വദേശികളെ നിയമിക്കുക എന്നത് അത്ര എളുപ്പമല്ല.
സ്വദേശികളുടെ വിദേശീയരായ ഭാര്യമാരില്‍ കുവൈത്ത് പൗരത്വം റദ്ദാക്കിയവരെ സ്വദേശി വനിതകളായി തന്നെ പരിഗണിക്കണമെന്ന് അടുത്തിടെ നീതിന്യായ മന്ത്രാലയം തീരുമാനിച്ചിരുന്നു. സമീപ വര്‍ഷങ്ങളായി ഇതുവരെ സ്വദേശികളുടെ 29,000 ത്തോളം വിദേശീയരായ ഭാര്യമാര്‍ക്കാണ് നിയമപരമായ തെറ്റുകള്‍ തിരുത്തി പൗരത്വം അനുവദിച്ചത്. പൗരത്വം റദ്ദാക്കിയ വനിതകളുടെ ഹര്‍ജി പരിശോധിക്കാനായി രണ്ട് ദിവസം മുന്‍പാണ് കുവൈത്ത് മന്ത്രിസഭ പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചത്.