കുവൈത്തില്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് രാജ്യത്തെ സര്‍ക്കാര്‍ മേഖലയ്ക്ക് അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ച് ഭരണകൂടം. ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍-സബയുടെ അധ്യക്ഷതയില്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഈദുല്‍ ഫിത് റര്‍ മാര്‍ച്ച് 30 ഞായറാഴ്ചയാണെങ്കില്‍, എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി നല്‍കാന്‍ കൗണ്‍സില്‍ സെഷനില്‍ അംഗീകാരം നല്‍കി. തുടര്‍ന്ന് ഏപ്രില്‍ 2 ബുധനാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും.
ഈദുല്‍ ഫിത്‌റിന്റെ ആദ്യ ദിവസം മാര്‍ച്ച് 31 തിങ്കളാഴ്ചയാണെന്ന് സ്ഥിരീകരിച്ചാല്‍ മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ജോലി നിര്‍ത്തിവയ്ക്കാനും ഏപ്രില്‍ 6 ഞായറാഴ്ച ജോലി പുനരാരംഭിക്കാനും മന്ത്രിസഭയുടെ പ്രതിവാര യോഗത്തില്‍ തീരുമാനിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും കുവൈത്തില്‍ വാരാന്ത്യമാണ്. അതിനാല്‍, ഏപ്രില്‍ 6 ഞായറാഴ്ച ഔദ്യോഗിക ജോലികള്‍ പുനരാരംഭിക്കും.
അവശ്യ സേവനങ്ങളോ പ്രത്യേക ജോലി സ്വഭാവമോ ഉള്ള സ്ഥാപനങ്ങള്‍ക്ക്, പൊതു സേവനങ്ങളുടെ തുടര്‍ച്ചയും പൊതുതാല്‍പ്പര്യവും ഉറപ്പാക്കിക്കൊണ്ട്, അവരുടെ അവധിക്കാല ഷെഡ്യൂള്‍ ബന്ധപ്പെട്ട അധികാരികള്‍ നിര്‍ണയിക്കും.