നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെടുന്നതായി സ്ഥിരീകരിച്ച് ഇറാന്‍

ടെഹ്‌റാന്‍: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെടുന്നതായി സ്ഥിരീകരിച്ച് ഇറാന്‍. യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അറിയിച്ചു.
നിമിഷയുടെ മാത്രമല്ല മറ്റ് പലരുടെയും മോചനത്തിനായി ശ്രമിക്കുന്നതായാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചത്. മോചനത്തിനായി ഇറാന്‍ ഇടപെടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു എങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
നിമിഷ പ്രിയയുടെ മോചനം കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ചര്‍ച്ചയായിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപിയാണ് രാജ്യസഭയില്‍ വിഷയം ഉന്നയിച്ചത്. കേന്ദ്ര മന്ത്രി കീര്‍ത്തിവര്‍ധന്‍ സിംഗ് ഇതിന് മറുപടിയും നല്‍കി. നിമിഷപ്രിയയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിലൂടെ 40,000 ഡോളര്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്നും ഇനിയുള്ള നടപടികള്‍ക്കായി നിമിഷപ്രിയയുടെ കുടുംബവും കൊല്ലപ്പെട്ടയാളുടെ കുടുംബവും തമ്മില്‍ ചര്‍ച്ച തുടരുകയാണെന്നും വിദേശ കാര്യ മന്ത്രി പറഞ്ഞു. നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാന്‍ സൗകര്യം ഒരുക്കി. ചര്‍ച്ചയ്ക്ക് പവര്‍ ഓഫ് അറ്റോണിയെ നിയോഗിച്ചു. ഒരു അഭിഭാഷകന്റെ സഹായം വിദേശകാര്യമന്ത്രാലയം ഫണ്ട് ഉപയോഗിച്ച് ഉറപ്പാക്കി എന്നും മന്ത്രി അറിയിച്ചു.
ആക്ഷന്‍ കൗണ്‍സില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നല്‍കാന്‍ പിരിച്ച ബ്ലഡ് മണി യെമനില്‍ എത്തിക്കാനും സഹായം നല്‍കി. എന്നാല്‍ മോചനം സാധ്യമാക്കാന്‍ രണ്ട് കുടുംബങ്ങള്‍ക്കുമിടയില്‍ നടക്കുന്ന ചര്‍ച്ച വിജയിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
2017 ജൂലൈയില്‍ ആണ് കൊലപാതക കുറ്റത്തിന് നിമിഷ പ്രിയ അറസ്റ്റിലാകുന്നത്. 2020ല്‍ വധശിക്ഷ വിധിച്ചു. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം കോടതി തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.