റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

അബുദാബി: പ്രവാസി മലയാളികള്‍ക്ക് ആശ്വാസമേകി പുത്തന്‍ പ്രഖ്യാപനവുമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. റാസല്‍ഖൈമയിലേക്ക് കേരളത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രവാസികളെ സന്തോഷിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് റാസല്‍ഖൈമയിലേക്കാണ് സര്‍വീസുകള്‍ തുടങ്ങുന്നത്.

മാര്‍ച്ച് 15 മുതല്‍ സര്‍വീസ് തുടങ്ങും. കേരളത്തില്‍ നിന്നും യുഎഇയിലേക്കുള്ള പ്രവാസി യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ് ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ്. ഇതോടെ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള സര്‍വീസുകളുടെ എണ്ണം ആഴ്ചയില്‍ 49 ആകും.

ഇന്ത്യക്കും യുഎഇയ്ക്കും ഇടയില്‍ ആകെ 250 പ്രതിവാര സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുന്നത്. യാത്രക്കാര്‍ക്ക് ഇന്‍ഡിഗോയുടെ വെബ് സൈറ്റ് സന്ദര്‍ശിച്ചോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. പുതിയ സര്‍വീസ് തുടങ്ങുന്നത് ഈ നോമ്പുകാലത്ത് പ്രവാസികളെ സംബന്ധിച്ച് സന്തോഷം പകരുന്ന പ്രഖ്യാപനമാണ്.

Related Articles
Next Story
Share it